ഹൈദരാബാദ്: താൻ ആശുപത്രിയിലാണെന്ന തെറ്റായ റിപ്പോർട്ടുകൾ നിഷേധിച്ച് മുതിർന്ന നടൻ അമിതാഭ് ബച്ചൻ. തൻ്റെ ആശുപത്രിവാസത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളിയ ബിഗ് ബി സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കി. മാർച്ച് 15നാണ് അമിതാഭ് ബച്ചൻ ആശുപത്രിയിലാണെന്നും അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്‌റ്റിക്ക് വിധേയനാക്കിയെന്നുമുള്ള തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഇതോടെ ആരാധകരും ഏറെ പരിഭ്രാന്തിയിലായി. എന്നാൽ ഇപ്പോഴിതാ വാർത്തകൾ തള്ളി മുതിർന്ന നടൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മാർച്ച് 15ന് വൈകുന്നേരം നടന്ന ഇന്ത്യൻ സ്‌ട്രീറ്റ് പ്രീമിയർ ലീഗിൻ്റെ (ഐഎസ്‌പിഎൽ) മജ്ഹി മുംബൈയും ടൈഗേഴ്‌സ് ഓഫ് കൊൽക്കത്തയും തമ്മിലുള്ള ഫൈനൽ മത്സരം കാണാൻ അമിതാഭ് ബച്ചൻ എത്തിയിരുന്നു. ഇതോടെയാണ് വ്യാജ വാർത്തകളുടെ മുനയൊടിഞ്ഞത്.
മകൻ അഭിഷേക് ബച്ചനും ക്രിക്കറ്റ് ഇതിഹാസം സച്ചിനും ഒപ്പം താനെയിലെ ദാദോജി കൊണ്ടദേവ് സ്റ്റേഡിയത്തിൽ ബിഗ് ബി മത്സരം വീക്ഷിക്കുന്നതിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അമിതാഭ് ബച്ചനും എക്‌സിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. താരം ആശുപത്രിയിലാണെന്ന വാർത്തകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഈ മത്സരം നടന്നത്. സ്റ്റേഡിയത്തിൽ നിന്ന് പുറത്തുകടക്കുന്നതിനിടെ പ്രചരിക്കുന്നത് 'വ്യാജ വാർത്ത'യാണെന്ന് താരം പറയുന്ന വീഡിയോയും വൈറലാണ്.
ഐഎസ്‌പിഎൽ: ഇന്ത്യയുടെ ടെന്നീസ് ബോൾ ടി10 ക്രിക്കറ്റ് ടൂർണമെൻ്റാണ് ഐഎസ്‌പിഎൽ. മജ്ഹി മുംബൈയും ടൈഗേഴ്‌സ് ഓഫ് കൊൽക്കത്തയും ഏറ്റുമുട്ടിയ അവസാന മത്സരത്തിൽ ടൈഗേഴ്‌സ് ഓഫ് കൊൽക്കത്തയാണ് വിജയകിരീടം ചൂടിയത്. ബിഗ് ബിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫൈനലിൽ അടിപതറിയ 'മജ്ഹി മുംബൈ' ടീം. സെയ്‌ഫ് അലി ഖാൻ്റെയും കരീന കപൂറിൻ്റെയും ടീമാണ് ടൈഗേഴ്‌സ് ഓഫ് കൊൽക്കത്ത.