ഹൈദരാബാദ്:പുഷ്‌പ2 വിന്‍റെ പ്രീമിയര്‍ ഷോയ്ക്കിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസുമായി ബന്ധപ്പെട്ട് അല്ലു അര്‍ജുന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഹൈദരാബാദിലെ ചിക്കഡ്‌പള്ളി പോലീസ് സ്‌റ്റേഷനിലാണ് താരം ചോദ്യം ചെയ്യലിനായി ഹാജരായത്. രാവിലെ 11 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് 2.45 വരെ നീണ്ടു. അതേസമയം മരണം നടന്നത് എപ്പോഴാണെന്ന ചോദ്യത്തിനടക്കം അല്ലു ഉത്തരം നല്‍കിയിട്ടില്ല.
രണ്ടുമണിക്കൂറാണ് അല്ലു അര്‍ജുന്‍റെ ചോദ്യം ചെയ്യല്‍ നീണ്ടത്. അനുമതി നിഷേധിച്ചിട്ടും റോഡ് ഷോയ്ക്കായി എന്തിന് തിയേറ്ററില്‍ എത്തി, സ്വകാര്യ സുരക്ഷ സംഘം ജനങ്ങളെ മര്‍ദിച്ചിട്ടും എന്തുകൊണ്ട് ഇടപെട്ടില്ല, എപ്പോഴാണ് യുവതിയുടെ മരണവിവരം അറിഞ്ഞത്, മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയത് പരസ്‌പര വിരുദ്ധമായ പ്രസ്‌താവനകളല്ലേ എന്നിവയായിരുന്നു അല്ലുവിനോട് അന്വേഷണ സംഘം ചോദിച്ച പ്രധാന ചോദ്യം.
എന്നാല്‍ സുപ്രധാന ചോദ്യങ്ങള്‍ക്കെല്ലാം മൗനം മാത്രമായിരുന്നു മറുപടി. ഡിസിപിയും എസിപിയും നേതൃത്വം നല്‍കുന്ന സംഘമാണ് താരത്തെ ചോദ്യം ചെയ്‌തത്.
വന്‍ സുരക്ഷ സന്നാഹമാണ് പോലീസ് സ്‌റ്റേഷന് സമീപം ഒരുക്കിയിരുന്നത്. പോലീസ് സ്‌റ്റേഷന്‍റെ 200 മീറ്റര്‍ പരിധിയില്‍ വാഹനങ്ങള്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം വലിയ ജനക്കൂട്ടം സ്ഥലത്ത് തമ്പടിച്ചിരുന്നു.
അല്ലു അര്‍ജുനെ തിയേറ്ററില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. നടന്‍റെ അഭിഭാഷകന്‍ സന്ധ്യാ തിയേറ്ററില്‍ എത്തിയിട്ടുണ്ട്. അതേസമയം അല്ലുവിന്‍റെ സുരക്ഷാ മാനേജര്‍ ആന്‍റണി ജോണിനെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. ആരാധകരെ വടി ഉപയോഗിച്ച് ബൗണ്‍സര്‍ തല്ലുന്ന വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണിത്.
ഡിസംബര്‍ നാലിന് സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് രേവതി എന്ന 35 കാരിയുടെ ജീവൻ പൊലിഞ്ഞത്. എട്ട് വയസ്സുള്ള മകൻ ശ്രീജേത് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.