അല്ലു അർജുൻ നായകനാകുന്ന, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പുഷ്‌പ 2: ദി റൂൾ'. ബോക്‌സ് ഓഫിസ് ഇളക്കിമറിച്ച പുഷ്‌പ: ദി റൈസ് (2021) സിനിമയുടെ രണ്ടാം ഭാഗമാണിത്. ഇപ്പോഴിതാ അല്ലു ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്.
'പുഷ്‌പ 2 സിനിമയുടെ റിലീസ് മാറ്റിവച്ചതായാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. നേരത്തെ ഈ വർഷം ഓഗസ്റ്റ് 15 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ 'പുഷ്‌പ 2 സ്‌ക്രീനുകളിൽ എത്താൻ ഇതിലും വൈകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ആദ്യം പ്ലാൻ ചെയ്‌തിരുന്നതുപോലെ 2024 ഓഗസ്റ്റ് 15ന് സിനിമ റിലീസിന് എത്തില്ലെന്ന് അല്ലു അർജുൻ്റെ ടീമിലെ ഒരു അംഗം അറിയിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സിനിമയുടെ അനിശ്ചിതകാല നീട്ടിവെക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നത്. ഇതുവരെ, ടീമിൽ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായിരുന്നില്ല.
എന്നാലിപ്പോൾ അല്ലു അർജുൻ്റെ ടീമിലെ ഒരു അംഗം തന്നെ റിലീസ് നീട്ടിവച്ചെന്ന് അറിയിച്ചതായി റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്. അല്ലു അർജുൻ്റെ അടുത്ത അസോസിയേറ്റ് ആയ ശരത് ചന്ദ്ര നായിഡുവാണ് ചിത്രം പ്രതീക്ഷിച്ച തീയതിയിൽ തിയേറ്ററുകളിൽ എത്തില്ലെന്ന് വെളിപ്പെടുത്തിയത്. എന്തായാലും പുതിയ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
അല്ലു അർജുനൊപ്പം രശ്‌മിക മന്ദാനയും ഈ ആക്ഷൻ-പാക്ക് സിനിമയിൽ വേഷമിടുന്നുണ്ട്. ആറ് ഇന്ത്യൻ ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലാണ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് നിർമിച്ച ചിത്രത്തിന്‍റെ സംവിധായകൻ സുകുമാറാണ്.
ദേവി ശ്രീ പ്രസാദ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ റാവു രമേഷ്, അനസൂയ ഭരദ്വാജ്, സുനിൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. അതേസമയം ചിത്രത്തിൻ്റെ നിർമാതാക്കളിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും, 'പുഷ്‌പ 2' ദീപാവലി റിലീസായി എത്തുമെന്നാണ് ഊഹാപോഹങ്ങൾ ഉയരുന്നത്.
ALSO READ:പവൻ കല്യാണോ കരാട്ടെ രാജയോ, ആരാണ് യഥാർഥത്തിൽ 'പോരാളി ഷാജി'; കൊമ്പന്‍ മീശക്കാരന്‍റെ ചിത്രത്തിന് പിന്നിലെ കഥയറിയാം