സകല റെക്കെോര്‍ഡുകളും ഭേദിച്ച് ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ് അല്ലു അര്‍ജുന്‍ നായകനായ 'പുഷ്‌പ2:ദിറൂള്‍'. ചിത്രം തിയേറ്ററിലെത്തി 12 ദിവസം പിന്നിടുമ്പോള്‍ ആഗോള കളക്ഷന്‍ 1409 കോടി രൂപയാണ്. നിര്‍ണാക്കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇതേ കുതിപ്പ് തുടര്‍ന്നാല്‍ ഇന്ത്യന്‍ സിനിമാ ലോകത്ത് അതിവേഗം 1500 കോടി കടക്കുന്ന ചിത്രമായി പുഷ്‌പ 2 മാറുമെന്നാണ് സിനിമാ പ്രവര്‍ത്തകരുടെയും അനലിസ്റ്റുകളുടെയും കണക്കുകൂട്ടല്‍. ഇന്ത്യയില്‍ നിന്നും മാത്രം 1077.6 കോടി രൂപ ഗ്രോസ് കളക്ഷനാണ് ഇതിനോടകം ചിത്രം നേടിയിരിക്കുന്നത്.
ഡിസംബര്‍ 5 ന് ആഗോളതലത്തില്‍ 12,500 തിയേറ്ററുകളിലാണ് പുഷ്‌പ 2 പ്രദര്‍ശനത്തിന് എത്തിയത്. ആദ്യ ആഴ്‌ച ഇന്ത്യയില്‍ നിന്ന് മാത്രം 725. 8 കോടി രൂപ നേടി. ഒന്‍പതാം ദിവസമായപ്പോഴേക്കും 36.4 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. പത്താം ദിവസമായപ്പോഴേക്കും 63. 3 കോടി രൂപയായും പതിനൊന്നാം ദിവസമാകുമ്പോള്‍ 76.6 കോടി രൂപയായും പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കമ്പോള്‍ 27.75 കോടി രൂപയായും വര്‍ധിച്ചു. ഇന്ത്യയില്‍ നിന്ന് മാത്രം 929.85 കോടി രൂപയാണ് ചിത്രം ഇത്രയും ദിവസം കൊണ്ട് നേടിയെടുത്തത്.
1409 കോടി രൂപയുടെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയതോടെ എസ് എസ് രാജമൗലിയുടെ ചിത്രം ആര്‍ ആര്‍ ആര്‍ (1230 കോടി രൂപ), കെ ജി എഫ് ചാപ്‌റ്റര്‍ 2 (1215 കോടി രൂപ)യുടെയും റെക്കോര്‍ഡുകളാണ് പുഷ്‌പ 2 മറികടന്നത്. ബോക്‌സ് ഓഫീസില്‍ ഈ കുതിപ്പ് തുടരുകയാണെങ്കില്‍ രൗജമൗലിയുടെ ചിത്രമായ ബാഹുബലി (1790 കോടി രൂപ)യുടെയും റെക്കോര്‍ഡ് മടിക്കടക്കുമെന്നാണ് വിലയിരുത്തല്‍. ആമിര്‍ഖാന്‍ ചിത്രമായ ദംഗലിന്‍റെയും ആഗോള കളക്ഷന്‍ റെക്കോര്‍ഡും (2070 കോടി) പുഷ്‌പ 2 തിരുത്തുമോയെന്നാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സുകുമാര്‍ സംവിധാനം ചെയ്‌തിരിക്കുന്ന ഈ ചിത്രം പുഷ്‌പയുടെ തെലുഗു പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദിയിലാണ്. 573.1 കോടിയാണ് നേടിയത്. തെലുഗില്‍ നിന്ന് 287.05 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. മലയാളത്തില്‍ നിന്ന് 13.6 കോടി രൂപയാണ് ഇത്രയും ദിവസത്തിനുള്ളില്‍ ചിത്രം നേടിയിരിക്കുന്നത്. തമിഴില്‍ നിന്ന് 49.4 കോടി രൂപയും ചിത്രം നേടി. കന്നഡയില്‍ നിന്ന് 6.7 കോടിയും ചിത്രത്തിന് ലഭിച്ചു.