കൊച്ചിയിൽ നടന്ന 'പുഷ്‌പ 2: ദി റൂൾ' പ്രീ റിലീസ് ഇവന്‍റില്‍ സഹതാരങ്ങളെ പ്രശംസിച്ച് അല്ലു അര്‍ജുന്‍. ഫഹദ് ഫാസിലിനെയും രശ്‌മിക മന്ദാനയെയുമാണ് താരം പ്രശംസിച്ചത്. രശ്‌മികയുടെ അര്‍പ്പണ ബോധത്തെ കുറിച്ചാണ് താരം പ്രശംസിച്ചത്. എന്നാല്‍ ഫഹദ് ഫാസിലിന്‍റെ അഭാവത്തില്‍ അദ്ദേഹത്തെ കുറിച്ചുള്ള ഹൃദയംഗമമായ വാക്കുകളാണ് താരം പങ്കുവച്ചത്.
പ്രൊമോഷന്‍ ഇവന്‍റില്‍ ഫഹദ് ഫാസിലിനെ മിസ് ചെയ്യുന്നുവെന്ന അല്ലു അര്‍ജുന്‍റെ വാക്കുകള്‍ ആരാധകരെ സ്‌പര്‍ശിച്ചു. ഇവന്‍റില്‍ ഫഹദ് ഇല്ലാത്തതിനാല്‍ താന്‍ അദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ടെന്നും ഫഹദ് കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുകയാണെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.
ഫഹദ് ഫാസില്‍ തനിക്ക് വളരെ സ്‌പെഷ്യല്‍ ആണെന്നും അതിന് ഒരുപാട് കാരണങ്ങള്‍ ഉണ്ടെന്നും താരം വ്യക്‌തമാക്കി. തന്‍റെ സിനിമ കരിയറില്‍ ആദ്യമായി മലയാലത്തിലെ ഏറ്റവും വലിയ നടന്‍മാരില്‍ ഒരാളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ തനിക്ക് സാധിച്ചെന്നാണ് താരം പറഞ്ഞത്.
"പുഷ്‌പ എനിക്ക് വളരെ സ്‌പെഷ്യലാണ്. അതിന് ഒരുപാട് കാരണങ്ങളുണ്ട്. ഞാന്‍ എന്‍റെ സിനിമ കരിയറില്‍ ആദ്യമായി മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളുടെ കൂടെ വര്‍ക്ക് ചെയ്‌തു. ഫഫായുടെ കൂടെ വര്‍ക്ക് ചെയ്യാനായി. ഇന്ന് സത്യത്തില്‍ ഞാന്‍ അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്.
ഇന്ന് ഇവിടെ കേരളത്തില്‍ ഞങ്ങള്‍ രണ്ട് പേരും ഒന്നിച്ചുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അതൊരു ഐക്കോണിക്കായ നിമിഷം ആകുമായിരുന്നു. എന്‍റെ സഹോദരാ, നന്ദി! നിനക്ക് എല്ലാവിധ ആശംസകളും നേരുന്നു.