ബോളിവുഡ് സിനിമാപ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന സിനിമയാണ് 'ബഡേ മിയാൻ ചോട്ടെ മിയാൻ'. അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫുമാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ ടൈറ്റിൽ ട്രാക്ക് പുറത്ത് വന്നിരിക്കുകയാണ് (Bade Miyan Chote Miyan Title Track out).
തകർപ്പൻ നൃത്തച്ചുവടുകളുമായി അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും നിറഞ്ഞുനിൽക്കുന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. അക്ഷയ് കുമാർ തന്നെയാണ് ട്രാക്ക് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. 'ആവേശം സ്‌പഷ്‌ടമാണ്, കാത്തിരിപ്പ് ആകാശത്തോളം ഉയർന്നതും. ബ്രൊമാൻസ് പൂർണമായി പ്രദർശിപ്പിച്ചിരിക്കുന്നു!' ബഡേ മിയാൻ ചോട്ടെ മിയാൻ്റെ ടൈറ്റിൽ ട്രാക്ക് റിലീസ് ചെയ്‌ത് അക്ഷയ് കുമാർ കുറിച്ചതിങ്ങനെ.
അബുദാബിയിലെ ജെറാഷിലും റോമൻ തിയേറ്ററിൻ്റെ മാസ്‌മരിക പശ്ചാത്തലത്തിലും ചിത്രീകരിച്ച ആദ്യ ഗാനം എന്ന പ്രത്യേകതയുമുണ്ട് ഈ ടൈറ്റിൽ ട്രാക്കിന്. ബോളിവുഡിലെ പവർ പാക്ക്‌ഡ് താരങ്ങളായ അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും തീപ്പൊരി പാറിച്ച ഈ ടൈറ്റിൽ ട്രാക്ക് കാണികൾക്ക് ശരിക്കുമൊരു വിഷ്വൽ ട്രീറ്റ് തന്നെയാണ്. 100ലധികം നർത്തകരാണ് ഗാനരംഗത്തിൽ അണിനിരക്കുന്നത്. കൂടാതെ രണ്ട് ശക്തികേന്ദ്രങ്ങൾ തമ്മിലുള്ള അഭേദ്യമായ ബന്ധത്തിൻ്റെ ആഘോഷം കൂടിയാണ് ഈ ഗാനം.
വിശാൽ മിശ്രയാണ് ടൈറ്റിൽ ട്രാക്ക് ഒരുക്കിയത്. ബോളിവുഡിലെ പ്രശസ്‌ത കൊറിയോഗ്രാഫർ ബോസ്‌കോ സീസർ ആണ് നൃത്തച്ചുവടുകൾ ചിട്ടപ്പെടുത്തിയത്. അനിരുദ്ധ് രവിചന്ദറും സംഗീത സംവിധായകൻ വിശാൽ മിശ്രയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇർഷാദ് കാമിൽ ആണ് ഗാനരചന.