ചിദംബരത്തിന്‍റെ സംവിധാനത്തിൽ പുറത്തുവന്ന സർവൈവൽ ത്രില്ലർ 'മഞ്ഞുമ്മൽ ബോയ്‌സ്' ബോക്‌സോഫിസ് കളക്ഷനിൽ 200 കോടി എന്ന ചരിത്രനേട്ടവും കടന്ന് കുതിക്കുകയാണ്. മലയാളത്തിലെ ഏറ്റവും ഉയർന്ന തിയേറ്റർ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് 'മഞ്ഞുമ്മൽ ബോയ്‌സ്' സ്വന്തമാക്കി കഴിഞ്ഞു. ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനത്തിനും സംവിധാന മികവിനും ഒപ്പം കലാസംവിധായകൻ അജയൻ ചാലിശ്ശേരിയും പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.
'മഞ്ഞുമ്മൽ ബോയ്‌സി'ലെ നിർണായകമായ ഗുണ കേവിന്‍റെ സെറ്റ് അജയൻ ചാലിശ്ശേരി അതിഗംഭീരമായാണ് ഒരുക്കിയത്. ഇപ്പോഴിതാ സെറ്റ് നിർമാണത്തിൽ തനിക്കൊപ്പമുണ്ടായിരുന്ന ആർട്ടിസ്റ്റുകളെ ഫേസ്‌ബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഇദ്ദേഹം.
അജയൻ ചാലിശ്ശേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് അജയൻ ചാലിശ്ശേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് :
'മഞ്ഞുമ്മൽ ബോയ്‌സിൽ എനിക്കൊപ്പം പ്രവർത്തിച്ച അതി ഭീകരൻമാരായ ആർട്ടിസ്റ്റുകളെയും കലാപ്രവർത്തകരെയും ഞാൻ നിങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്തുന്നു. ഞാൻ ചിന്തിക്കുന്നതും കാണുന്നതും ഇവരൊക്കെയാണ് ജീവൻ വെച്ചുതരുന്നത്. ഈ ഓരോ ആളുകളും എനിക്ക് പ്രിയപ്പെട്ടവരാണ്.
കൊടും തണുപ്പിലും, മഞ്ഞിലും, മഴയിലും, വെയിലിലും, നിങ്ങളുടെ ഓരോരുത്തരുടേയും അർപ്പണത്തിന്, സേവനത്തിന് ഞാനെന്‍റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും സ്‌നേഹവും അറിയിക്കുന്നു. പ്രിയപ്പെട്ട സജിയേട്ടൻ, സുധീർ, ഷിബിൻ, ഡിയോൺ, അനിൽ വെണ്‍പകൽ, മഹേഷ്, ദിഷിൽ, നിഷാദ്, വിഷ്‌ണു, വിനീഷ്, സജു, ഹരിയേട്ടൻ, വിനോദ്, അനീഷ് അർത്തുങ്കൽ, ഗിരീഷ്, മുകേഷ്, പ്രകാശ്, കെ ആർ, നിതിൻ കെ പി, സുനിൽ, സനൽ, രഞ്ജു, ലാൽജിത്, തിലകേട്ടൻ, വികാസ്, സുര, അനീഷ് മറ്റത്തിൽ, അജ്‌മൽ, അനീഷ് പൂപ്പി, ഷൈജു, കുഞ്ഞാപ്പു, ജയേട്ടൻ, വിവേക്, സുമേഷ്, ജഷീർ, ബിജു ക്വാളിസ് മറ്റ് ഒപ്പമുള്ള സഹപ്രവർത്തകരെയും, പേരറിയാത്ത അനേകം അതിഥി തൊഴിലാളികൾക്കും ടൺ സ്‌നേഹം!'
യഥാർഥ സംഭവത്തെ ആസ്‌പദമാക്കി ഒരുക്കിയ 'മഞ്ഞുമ്മൽ ബോയ്‌സ്' കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലെ ഗുണ കേവിലേക്ക് ടൂർ പോയ ഒരുകൂട്ടം സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. പറവ ഫിലിംസിന്‍റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ എന്നിവർക്കൊപ്പം ഗോകുലം മുവീസും ചേർന്ന് നിർമിച്ച ഈ സിനിമയിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിം കുമാർ, അഭിറാം രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്‌ണു രഘു തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ:200 കോടി ക്ലബിൽ 'മഞ്ഞുമ്മൽ ബോയ്‌സ്'; മലയാളത്തിൽ ഇതാദ്യം, ചരിത്രനേട്ടം