ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇരുവരും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം പോസ്‌റ്റ് ചെയ്യാത്തത് വരെ വിശകലനം ചെയ്‌താണ് ചിലര്‍ താരങ്ങള്‍ വേര്‍പിരിയലിലാണോ എന്ന് സംശയമുന്നയിച്ചത്.
മാത്രമല്ല മകള്‍ ആരാധ്യയ്ക്ക് ജന്മദിനാശംസകള്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിഷേക് പങ്കുവയ്ക്കാതിരുന്നതും ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചു. സംശയത്തിന്‍റെ തീവ്രത വര്‍ധിപ്പിച്ചുകൊണ്ട് ദുബായിലെ ഗ്ലോബല്‍ വിമണ്‍സ് ഫോറത്തില്‍ പങ്കെടുത്ത് ഐശ്വര്യ റായ് സംസാരിക്കുന്നതിനിടയില്‍ പിന്നിലെ ഡിജിറ്റല്‍ സ്‌ക്രീനില്‍ തെളിയുന്ന പേര് ഐശ്വര്യ റായ് എന്ന് മാത്രമാണ് എന്നതും ചര്‍ച്ചകള്‍ക്ക് ശക്തി പകര്‍ന്നു.
വിവാഹത്തിന് ശേഷം സ്വീകരിച്ച ബച്ചന്‍ എന്ന സര്‍നെയിം ഒഴിവാക്കികൊണ്ടുള്ള പേരാണ് ഐശ്വര്യയുടെ പ്രൊഫൈലില്‍ കാണിച്ചിരുന്നത്. ഇത് ഐശ്വര്യ റായ് ഇന്‍റര്‍നാഷണല്‍ സ്‌റ്റാര്‍ എന്നുമാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഇതും കൂടി ചേര്‍ന്നപ്പോള്‍ ഇരുവരും പിരിയുകയാണെന്ന വാര്‍ത്ത വീണ്ടും പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ ഗോസിപ്പുകള്‍ ഏറെ ഉണ്ടായിട്ടും ഇരുതാരങ്ങളും ഇതേ കുറിച്ച് ഒരിക്കല്‍ പോലും പ്രതികരിച്ചിരുന്നില്ല.
ഈ ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നവരുടെ വായടപ്പിച്ചുകൊണ്ടാണ് ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും ഒരുമിച്ച് പൊതുവേദിയില്‍ എത്തിയതിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുന്നത്.
മകള്‍ ആരാധ്യയുടെ സ്‌കൂളിലെ വാര്‍ഷികാഘോഷത്തില്‍ ഒരുമിച്ചെത്തിയ ഐശ്വര്യയുടെയും അഭിഷേകിന്‍റെയും വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ മനം കവരുന്നത്. മകള്‍ പഠിക്കുന്ന മുംബൈയിലെ ധീരുഭായ് അംബാനി സ്‌കൂളിലെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാനാണ് ബച്ചന്‍ കുടുംബം എത്തിയത്.
വാര്‍ഷികാഘോഷ പരിപാടിയിലെ ക്രിസ്‌മസ് പ്ലേയിലാണ് ആരാധ്യ ബച്ചന്‍ പങ്കെടുത്തത്. മികച്ച രീതിയിലുള്ള പ്രകടനം കാഴ്‌ചവച്ച് കാണികളെ ഈ കുട്ടിതാരം കയ്യിലെടുത്തു. പരിപാടി കാണാന്‍ അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ എത്തിയിരുന്നു.