മലയാള സിനിമ സാങ്കേതിക രംഗത്ത് ശ്രദ്ധേയമാവുകയാണ് ലിബിൻ ബാഹുലേയൻ എന്ന പേര്. പുത്തന്‍ റിലീസ് ചിത്രങ്ങളില്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ഒരുക്കിയാണ് ലിബിന്‍ ബാഹുലേയന്‍ വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിക്കുന്നത്. ഷൈൻ നിഗത്തിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ 'ലിറ്റിൽ ഹാർട്‌സ്', വിപിന്‍ ദാസ് ചിത്രം 'വാഴ' തുടങ്ങിയ ചിത്രങ്ങളിലാണ് ലിബിന്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധേയനാവുന്നത്.
സാങ്കേതികവിദ്യയെ കുറിച്ചും തന്‍റെ വർക്കിംഗ് പാറ്റേണിനെ കുറിച്ചും ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തിൽ ലിബിൻ പങ്കുവച്ചു. ടെലിവിഷൻ ചാനലുകളിൽ എഡിറ്ററായാണ് ലിബിന്‍റെ കരിയർ ആരംഭിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സീനിയർ എഡിറ്റർ ആണിപ്പോൾ ലിബിന്‍. മികച്ച പ്രേക്ഷക സ്വീകാര്യതയുള്ള 'ഗം' എന്ന ആക്ഷേപഹാസ്യ പരിപാടിയുടെ എഡിറ്റർ എന്ന രീതിയിലും ലിബിൻ ശ്രദ്ധേയനാണ്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരീക്ഷണ വീഡിയോകളും എഡിറ്റിംഗ് മികവു പുലർത്തുന്ന വീഡിയോകളും കഴിഞ്ഞ കുറച്ചു നാളുകളായി ലിബിൻ സോഷ്യൽ മീഡിയയില്‍ പോസ്‌റ്റ് ചെയ്യാറുണ്ട്.
ലിബിന്‍റെ ഇൻസ്‌റ്റഗ്രാം സുഹൃത്ത് കൂടിയായ നിർമ്മാതാവ് സാന്ദ്ര തോമസ് ഇത്തരം വീഡിയോകൾ കാണുകയുണ്ടായി. തുടര്‍ന്ന് 'ലിറ്റിൽ ഹാർട്‌സ്' എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ എഐ സാങ്കേതികവിദ്യയിലൂടെ രൂപകല്‍പ്പന ചെയ്യാൻ ലിബിനെ ക്ഷണിക്കുകയും ചെയ്‌തു. സംഗതി ഹിറ്റായതോടെ 'വാഴ' എന്ന ചിത്രത്തിലും അവസരം ലഭിച്ചു.
ലിബിന്‍റെ എഐ സാങ്കേതികവിദ്യയിലുള്ള പരിജ്ഞാനം കണ്ട് അക്ഷരാർത്ഥത്തിൽ 'ലിറ്റിൽ ഹാർട്‌സ്' എന്ന ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്‌സ് കൈവശമുള്ള സോണി മ്യൂസിക് പോലും അമ്പരന്നു. ചിത്രത്തിലെ 'നാം ചേർന്ന വഴികളിൽ' എന്ന് തുടങ്ങുന്ന ഗാനം, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ദൃശ്യവത്‌ക്കരിച്ചത് നമ്മൾ ഏവരും സോഷ്യൽ മീഡിയയിലൂടെ കണ്ടതാണ്. ഈ ദൃശ്യങ്ങൾ കണ്ട സോണി മ്യൂസിക് അക്ഷരാർത്ഥത്തിൽ ഞെട്ടി.
ഡിസ്‌നി പോലുള്ള ഇന്‍റര്‍നാഷണല്‍ അനിമേഷൻ കമ്പനികൾ നിർമ്മിക്കുന്ന നിലവാരത്തിലുള്ള ദൃശ്യങ്ങളായിരുന്നു ഗാനത്തിലുള്ളത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഇന്‍റര്‍നാഷണൽ അനിമേഷൻ കമ്പനികൾ രൂപകല്‍പ്പന ചെയ്‌ത കഥാപാത്രങ്ങളും ദൃശ്യങ്ങളും മോഷ്‌ടിച്ചാണ് ഈ ഗാനം ദൃശ്യവത്‌ക്കരിച്ചതെന്ന് അവർ അഭിപ്രായപ്പെട്ടു. അതൊരുപക്ഷേ മികച്ച അംഗീകാരം ആയിരുന്നെങ്കിലും സ്വന്തം സൃഷ്‌ടി തന്നെയാണെന്ന് സോണി മ്യൂസിക്കിനെ ബോധ്യപ്പെടുത്താൻ ലിബിനും സിനിമയുടെ അണിയറ പ്രവർത്തകരും നന്നെ കഷ്‌ടപ്പെട്ടു. മോഷണമല്ല ഒറിജിനൽ സൃഷ്‌ടിയാണെന്ന് അറിഞ്ഞിട്ടും സോണി മ്യൂസിക്കിന് ധൈര്യക്കുറവ് ഉള്ളതുകൊണ്ട് അവർ എഐ സാങ്കേതികവിദ്യയിൽ ചിത്രീകരിച്ച ഗാനം സംപ്രേക്ഷണം ചെയ്യാൻ തയ്യാറായില്ല.