തൃശൂര്‍ : സിനിമ താരവും റേഡിയോ ജോക്കിയും ഗായികയുമായ മീര നന്ദന്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് താരത്തിന്‍റെ വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു വിവാഹം.
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ മീര തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിലായിരുന്നു മീരയുടെയും ശ്രീജുവിന്‍റെയും വിവാഹ നിശ്ചയം നടന്നത്.
മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തില്‍ വിവാഹം ഉറപ്പിക്കുകയായിരുന്നു. നിശ്ചയം കഴിഞ്ഞ് ഒരുവര്‍ഷത്തിന് ശേഷമാണ് വിവാഹത്തിലെത്തിയത്.
വിവാഹത്തിന് മുന്നോടിയായി നടന്ന ഹല്‍ദി ചടങ്ങ് വന്‍ ആഘോഷമായിരുന്നു. ഉറ്റ സുഹൃത്തുക്കളായ നസ്രിയ, ആന്‍ അഗസ്റ്റിന്‍, ശ്രിന്ദ എന്നിവര്‍ക്കൊപ്പമുള്ള മീരയുടെ ഹല്‍ദി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മീരയ്‌ക്കും ശ്രീജുവിനും വിവാഹ മംഗളങ്ങള്‍ നേര്‍ന്ന് സുഹൃത്തുക്കള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റും പങ്കുവച്ചിട്ടുണ്ട്.
സംഗീത റിയാലിറ്റി ഷോകളിലൂടെയാണ് മീര നന്ദന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്. 2008ല്‍ ലാല്‍ജോസ് സംവിധാനം ചെയ്‌ത മുല്ല എന്ന ചിത്രത്തില്‍ ദിലീപിന്‍റെ നായികയായിട്ടായിരുന്നു സിനിമ അരങ്ങേറ്റം.
മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡ ചിത്രത്തങ്ങളിലും മീര അഭിനയിച്ചിട്ടുണ്ട്. നിലവില്‍ ദുബായില്‍ റേഡിയോ ജോക്കിയായ മീരയുടെ ശ്രദ്ധേയമായ മലയാള സിനിമകളാണ് പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കിരി, മല്ലു സിംഗ്, കേരള കഫേ തുടങ്ങിയവ. ചില സംഗീത ആല്‍ബങ്ങളില്‍ പാടുകയും അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്.
Also Read: 'കാന്‍സര്‍ മൂന്നാം സ്റ്റേജിലാണ്, അതിജീവിക്കുക തന്നെ ചെയ്യും': രോഗവിവരം പങ്കുവച്ച് ഹിന ഖാന്‍ - Hina Khan Breast Cancer