ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മല്ലിക സുകുമാരന്‍. മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്കല്ലേ അമ്മയില്‍ നില്‍ക്കാന്‍ പറ്റൂ. 'കൈനീട്ടം' എന്ന പേരില്‍ നല്‍കുന്ന സഹായത്തില്‍ പക്ഷഭേദമുണ്ടെന്നും കുടം തുറന്നവിട്ട ഭൂതത്തെ പോലെയായി ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടെന്നും മല്ലിക സുകുമാരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
"എല്ലാവരേയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയെന്ന് വച്ചാല്‍ വലിയ പാടാണ് അമ്മയില്‍, കുറച്ച് മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്കേ അവിടെ പറ്റുകയുള്ളു. കൈനീട്ടം എന്ന പേരില്‍ കൊടുക്കുന്നതിലെ അപാകതകള്‍ ഞാന്‍ ഇടവേള ബാബുവിനോട് പറഞ്ഞിരുന്നു. എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. അതിലും അര്‍ഹതപ്പെട്ട അവശയായ ഒരുപാട് പേരുണ്ട്. ചിലരെയൊക്കെ മാറ്റി നിര്‍ത്തിയിട്ട് മാസം പതിനഞ്ച് ദിവസം വിദേശത്ത് പോകുന്നവര്‍ക്ക് കൈനീട്ടം കൊടുക്കല്‍ ഉണ്ടായിരുന്നു. അതൊന്നും ശരിയല്ല. മരുന്ന് വാങ്ങിക്കാന്‍ കാശില്ലാത്ത പഴയ നടിമാരുണ്ട് ഇവിടെ. അവര്‍ക്ക് കൊടുക്കുക" മല്ലിക സുകുമാരന്‍ പറഞ്ഞു.
"അമ്മയുടെ തുടക്കകാലത്ത് തന്നെ പല തെറ്റുകളും പറ്റിയിട്ടുണ്ട്. അന്ന് അത് സുകുമാരൻ തന്നെ ചൂണ്ടികാട്ടിയിരുന്നു. നിയമപരമായി ഓരോ കാര്യങ്ങളും തിരുത്താന്‍ പറഞ്ഞതാണ്. അത് ചിലരുടെ ഈഗോ ക്ലാഷില്‍ ചെന്ന് അവസാനിച്ചു. സുകുമാരന്‍ മരിച്ചതിന് പിന്നാലെയാണ് അവര്‍ക്കത് മനസിലായത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കുടം തുറന്നുവിട്ട ഭൂതത്തെ പോലെയാണ്. അതിജീവിതയായ നടിക്ക് നേരെ അക്രമം നടന്നു എന്നത് നൂറു ശതമാനം സത്യമാണ്. അതിന്‍റെ പേരിലാണ് ഈ ചര്‍ച്ചകളൊക്കെ തുടങ്ങിയത്. പലരും സ്‌ത്രീകള്‍ക്ക് സംരംക്ഷണം വേണമെന്ന് പ്രസംഗിക്കാന്‍ തുടങ്ങിയിട്ട് എന്തായി. ഏഴു വര്‍ഷം പിന്നിട്ടിട്ടും നടിയെ ആക്രമിച്ച കാര്യത്തില്‍ അന്വേഷണം എന്തായി എന്ന് സര്‍ക്കാര്‍ പറയണം. എന്നിട്ടു വേണം ഇന്നലെ സംഭവിച്ച കാര്യങ്ങള്‍ പറയാന്‍.