താന്‍ വീണ്ടും വിവാഹിതനാകാന്‍ തീരുമാനിച്ചതായി നടന്‍ ബാല. വധു ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. നിയമപരമായി വീണ്ടും വിവാഹിതനാകുമെന്നും കുഞ്ഞ് ജനിച്ചാല്‍ കാണാന്‍ ഒരിക്കലും വരരുതെന്നും താരം പറഞ്ഞു. തന്‍റെ 250 കോടി സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു. സ്വത്ത് ആര്‍ക്ക് കൊടുക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും തനിക്ക് പലരില്‍ നിന്നും ഭീഷണിയുണ്ടെന്ന് പോലിസിനെ അറിയിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
വീടിന്‍റെ മുന്‍വാതിലില്‍ അതിരാവിലെ തട്ടി തുറക്കാന്‍ ശ്രമമുണ്ടായത് തന്നെ കെണിയില്‍ കുരുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണെന്ന് ബാല ആരോപിച്ചു.
"ഞാന്‍ നിയപരമായി വിവാഹം കഴിക്കും. എന്‍റെ സ്വത്ത് ആര്‍ക്ക് പോകണമെന്ന് ഞാന്‍ തീരുമാനിക്കും. ചിലപ്പോള്‍ ജനങ്ങള്‍ക്ക് കൊടുക്കും. തീരുമാനം എന്‍റേതാണ്. എന്‍റെ സ്വത്ത് കണക്ക് വന്നു. 250 കോടിയെന്ന് തമിഴ്‌നാട്ടില്‍ കണക്കു വന്നു. എന്‍റെ ചേട്ടന്‍റെ കങ്കുവ റിലീസിന് ഒരുങ്ങുകയാണ്. ചിരുത്തൈ ശിവയേക്കാള്‍ സ്വത്ത് അനിയന്‍ ബാലയ്‌ക്ക് ഉണ്ടെന്ന് വാര്‍ത്തകള്‍ വന്നു. ആ വാര്‍ത്തകള്‍ വന്നതു മുതല്‍ എനിക്ക് മനസമാധാനമില്ലെന്നതാണ് സത്യം. ഇത് ആര് ചെയ്‌തതെന്ന് അറിയില്ല. എന്‍റെ ചെന്നൈയിലുള്ള ബന്ധുക്കളെ പോലും സംശയിക്കാം.
അച്ഛന്‍ എനിക്ക് തന്ന വില്‍പ്പത്രത്തിലെ സ്വത്ത് വിവരങ്ങളെ എനിക്ക് അറിയൂ. ഇനിയും എത്ര സ്വത്തുണ്ടെന്ന് അറിയില്ല. എനിക്ക് മനസമാധാനം വേണം. ഒരു കുടുംബവും കുട്ടികളും വേണം. സിനിമയില്‍ അഭിനയിക്കണം. എന്‍റെ കുടുംബജീവിതത്തില്‍ ആരും വരരുത്. എനിക്ക് കുഞ്ഞ് ജനിച്ചാല്‍ കാണാന്‍ പോലും ആരും വരരുത്". ബാല പറഞ്ഞു.