ബ്ലെസി - പൃഥ്വിരാജ് കൂട്ടുകെട്ടിന്‍റെ 'ആടുജീവിതം' ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ബെന്യാമിന്‍റെ വിഖ്യാത നോവലിന് ബ്ലെസി ഒരുക്കിയ ദൃശ്യഭാഷ്യം കാണാൻ തിയേറ്ററുകളിലേക്ക് ഒഴുകുകയാണ് പ്രേക്ഷകർ. പൃഥ്വിരാജ് നജീബായി ജീവിച്ച ചിത്രത്തിൽ അറബി താരങ്ങളും അണിനിരന്നിരുന്നു.
ഇപ്പോഴിതാ 'ആടുജീവിതം' സിനിമയിൽ പ്രധാന വേഷത്തിലെത്തിയ ഒരു നടനെ പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. 'ആടുജീവിത'ത്തിലെ ക്രൂരനായ അർബാബ് ആയി എത്തിയ ഒമാനി നടനെയാണ് അണിയറക്കാർ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. പ്രശസ്‌ത ഒമാനി നടന്‍ ഡോ. ത്വാലിബ് അല്‍ ബലൂഷിയാണ് ഈ സിനിമയിൽ കഫീൽ ആയി ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ചത്.
ചിത്രത്തിൽ വില്ലനായെത്തിയ ത്വാലിബ് അല്‍ ബലൂഷിയുടെ പ്രകടനം കയ്യടി നേടിയിരുന്നു. സിനിമ - സീരിയല്‍ രംഗത്ത് ഏറെ കാലമായി സജീവ സാന്നിധ്യമാണ് ത്വാലിബ്. ഒമാനിലെത്തിയ ബ്ലെസിയാണ് ത്വാലിബ് അല്‍ ബലൂഷിയെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. അഭിനയത്തിന് പുറമെ സംവിധാനവും തിരക്കഥ എഴുത്തും ഇദ്ദേഹത്തിന് വഴങ്ങും.
ത്വാലിബിനെ പരിചയപ്പെടുത്തുന്ന വിഡിയോയിൽ ഇദ്ദേഹം ഷൂട്ടിങ്ങിനിടെയുള്ള തന്‍റെ അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്‌ക്കുന്നുണ്ട്. ബ്ലെസി പ്രഗത്ഭനായ സംവിധായകനും നല്ല മനുഷ്യനും ആണെന്നും 'ആടുജീവിതം' സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ത്വാലിബ് വീഡിയോയിൽ പറയുന്നു. ഒപ്പം ഇദ്ദേഹത്തിന്‍റെ മുൻകാല പ്രകടനങ്ങളും വീഡിയോയിൽ കാണിക്കുന്നുണ്ട്. മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമയിലെ മറ്റു ഭാഷകളിൽ ഇനിയും അഭിനയിക്കണമെന്നും വലിയൊരു ലോകം തുറന്നുകിടപ്പുണ്ടെന്നും ഡോ. ത്വാലിബ് അല്‍ ബലൂഷി പറയുന്നു.
ALSO READ:'മരുഭൂമിയിലെ ജീവിതം എനിക്ക് പുത്തരിയല്ല, ഞാന്‍ മറ്റൊരു നജീബ്'; ജിമ്മി ജീൻ ലൂയിസ്