ഗാന്ധിനഗർ:69-ാമത് ഫിലിംഫെയർ അവാർഡ് നിശയുടെ താരപ്രഭയില്‍ മുങ്ങി 'ഗുജറാത്ത് ഇൻ്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റി' (ഗിഫ്റ്റ് സിറ്റി). ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, കാർത്തിക് ആര്യൻ, കരീന കപൂർ തുടങ്ങിയവര്‍ ഗിഫ്റ്റ് സിറ്റിയിലെ പ്രൗഢ ഗംഭീര പരിപാടിയുടെ ഭാഗമായി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘാവി, ബിജെപി സംസ്ഥാന അധ്യക്ഷൻ സിആർ പാട്ടീൽ എന്നിവർ ചേർന്ന് താരങ്ങളെ സ്വാഗതം ചെയ്തു (69th Filmfare Awards 2024 at GIFT City Gujarat).
ശനിയാഴ്ച മഹാത്മാ മന്ദിർ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻ്ററിൽ നടന്ന പരിപാടിയില്‍ അപർശക്തി ഖുറാനയും കരിഷ്മ തന്നയും അവതാരകരായി. ടൂറിസം കോർപ്പറേഷൻ ഓഫ് ഗുജറാത്ത് ലിമിറ്റഡ് (ടിസിജിഎൽ) വേൾഡ് വൈഡ് മീഡിയയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. 2022-ൽ അവതരിപ്പിച്ച ഗുജറാത്തിൻ്റെ സിനിമാറ്റിക് ടൂറിസം നയത്തിന്റെ ചുവടുപിടിച്ചാണ് ടിസിജിഎൽ ഫിലിംഫെയർ അവാർഡ് നിശ നടത്തുന്നത്. രാജ്യത്തെ സിനിമ, വെബ് സീരീസ് ചിത്രീകരണങ്ങൾക്കുള്ള പ്രധാന ഹബ്ബാക്കി ഗുജറാത്തിനെ മാറ്റാനാണ് സിനിമാറ്റിക് ടൂറിസം നയം ലക്ഷ്യമിടുന്നത്.
ഇന്നലെ (ഞായർ) രാത്രി നടന്ന അവാർഡ് ദാന ചടങ്ങ് ബോളിവുഡിലെ പവർ കപ്പിൾസായ ആലിയ ഭട്ടിനും രൺബീർ കപൂറിനും ഇരട്ടി മധുരം പകരുന്നതായി. വിധു വിനോദ് ചോപ്രയുടെ 12-ത് ഫെയിലും സന്ദീപ് റെഡ്ഡി വംഗയുടെ ആനിമലും പുരസ്കാരങ്ങൾ തൂത്തുവാരി. കരൺ ജോഹർ, ജാൻവി കപൂർ, നുഷ്രത്ത് ബറൂച്ച തുടങ്ങിയ താരങ്ങൾ വേദിയില്‍ തിളങ്ങി.