തിരുവനന്തപുരം : വിഴിഞ്ഞം അദാനി സ്‌കിൽ ഡെവലപ്പ്മെന്‍റ് സെന്‍ററിന്‍റെ നേതൃത്വത്തിൽ നടത്തുന്ന തുറമുഖവുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുകളുടെ ഉദ്‌ഘാടനം കോവളം എംഎൽഎ എം.വിൻസന്‍റ് നിർവഹിച്ചു. ലാഷർ, ഐടിവി ഓപ്പറേറ്റർ കോഴ്‌സുകളാണ് ആരംഭിച്ചത്. ക്രെയിൻ ഓപ്പറേറ്റർ, വെയർഹൗസ് മാനേജ്‌മെന്‍റ് ഉൾപ്പെടെ കൂടുതൽ കോഴ്‌സുകൾ അടുത്ത മാസം തുടങ്ങും. ഷിപ്പിംഗ്, ലോജിസ്റ്റിക് മേഖലയിലെ ലോകോത്തര നിലവാരമുള്ള പരിശീലന കേന്ദ്രമായി വിഴിഞ്ഞത്തെ വികസിപ്പിക്കണമെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ എംഎൽഎ പറഞ്ഞു.
ഇന്ത്യയിലെയും വിദേശത്തെയും തുറമുഖങ്ങളിലേക്കുള്ള റിക്രൂട്ടിംഗ് കേന്ദ്രമായി മാറാൻ വിഴിഞ്ഞത്തിനു ശേഷിയുണ്ടെന്ന് അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ പറഞ്ഞു.