ഹൈദരാബാദ്: അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ജൂൺ, ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിലെ ക്വാട്ടയിലേക്കുള്ള കൂടുതൽ സ്‌റ്റുഡന്‍റ് വിസ (എഫ്-1) ഇന്‍റർവ്യൂ സ്ലോട്ടുകൾ പുറത്തിറക്കുമെന്ന് സർക്കാർ. നിരവധി ഇന്ത്യൻ വിദ്യാർഥികള്‍ക്ക് വേണ്ടി അഭിമുഖം നടത്താൻ കഴിയുന്ന തരത്തിൽ ഘട്ടം ഘട്ടമായി സ്ലോട്ടുകൾ പുറത്തിറക്കുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ 'ഇടിവി ഭാരതി'നോട് പറഞ്ഞു.
ആഗസ്‌റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ് അമേരിക്കയിൽ വിദ്യാഭ്യാസ സീസൺ ആരംഭിക്കുന്നത്. സാധാരണയായി സീസണിന്‍റെ അവസാന ആഴ്‌ചയിൽ, വിസ അപേക്ഷ അംഗീകരിക്കപ്പെടാത്തവർക്ക് ഒറ്റത്തവണയാണ് അഭിമുഖം നൽകുക. ഇത്തവണ ഓഗസ്‌റ്റ് അവസാനം വരെ വിസ സ്ലോട്ടുകൾ ലഭ്യമാക്കാനാണ് തീരുമാനിച്ചിരുക്കുന്നത്.
ആ സീസണിൽ അമേരിക്കയിലേക്ക് പോകാൻ സ്ലോട്ടുകൾ എടുത്തിട്ടുള്ള വിദ്യാർഥികൾക്ക് തിങ്കളാഴ്‌ച മുതൽ ഹൈദരാബാദിലെ അമേരിക്കൻ കോൺസുലേറ്റ് ജനറൽ ഓഫീസിൽ വിസ ഇന്‍റര്‍വ്യൂ ആരംഭിച്ചിട്ടുണ്ട്. നിലവിലെ സീസണിലെ ആദ്യ അഭിമുഖ തീയതികൾ (സ്ലോട്ടുകൾ) അമേരിക്ക ഈ മാസം രണ്ടാം വാരത്തോടെ പുറത്തുവിട്ടിരുന്നു.
സ്‌റ്റുഡന്‍റ് വിസ സീസണിൽ ഓഗസ്‌റ്റ് അവസാനം വരെ സ്ലോട്ടുകൾ ലഭ്യമാക്കാൻ തീരുമാനിച്ചതായി യുഎസ് എംബസി ചൊവ്വാഴ്‌ചയാണ് അറിയിച്ചത്. അവസാന നിമിഷം വരെ വരുന്നവർക്ക് ഉപകാരപ്പെടും വിധത്തിലാണ് ഓഗസ്‌റ്റ് വരെ ഇന്‍റര്‍വ്യൂ നടത്താന്‍ തീരുമാനിച്ചത്.