എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ മാര്‍ക്ക് നല്‍കുന്നത് കുട്ടികളില്‍ അനാരോഗ്യകരമായ മത്സരവും അമിത മാനസിക സമ്മര്‍ദവും ഉണ്ടാകാന്‍ കാരണമാകുമെന്നാണ് പരീക്ഷ കമ്മിഷണറുടെ വിശദീകരണം.
തിരുവനന്തപുരം : എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഇത്തവണയും ഗ്രേഡ് മതിയെന്ന് നിര്‍ദേശം. 2025 മാര്‍ച്ചിലെ എസ്‌എസ്‌എല്‍സി പരീക്ഷ വിജ്ഞാപനത്തിലാണ് പരീക്ഷ കമ്മിഷണറുടെ നിര്‍ദേശം. പരീക്ഷാഫലം പ്രഖ്യാപിച്ചു മൂന്നു മാസത്തില്‍ ലഭിച്ച സ്‌കോര്‍ വിവരവും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകില്ലെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
എസ്‌എസ്‌എല്‍സി പരീക്ഷാഫലത്തിന് ശേഷം മൂന്ന് മാസത്തിനകം ഉപരിപഠനത്തിന്‍റെ അഡ്‌മിഷന്‍ നടപടികള്‍ ആരംഭിക്കുമ്പോള്‍ മെറിറ്റ് പരിഗണിച്ചു റാങ്ക് പട്ടിക തയ്യാറാക്കാന്‍ മാര്‍ക്കു കൂടി ഗ്രേഡിനൊപ്പം ചേര്‍ക്കണമെന്ന് അധ്യാപക സംഘടന പ്രതിനിധികളുടെ ഉള്‍പ്പെടെ ആവശ്യം ഇത്തവണയും പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാണ്. 90 മുതല്‍ 100 വരെ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെ എ പ്ലസ് എന്ന ഒറ്റ ഗ്രേഡില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഒരേ റാങ്കിലെത്തുന്നവര്‍ വര്‍ധിക്കുകയും മെറിറ്റ് നിര്‍ണയം അശാസ്ത്രീയമാവുകയും ചെയ്യുമെന്ന് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി സമരത്തിന് പിന്നാലെ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ഥി സംഘടനകള്‍ ഈ പ്രശ്‌നം ഉന്നയിക്കുകയും ചെയ്‌തിരുന്നു.
അതേസമയം മാര്‍ക്ക് കൂടി രേഖപ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങിയാല്‍ കുട്ടികളില്‍ അനാരോഗ്യകരമായ മത്സരവും അമിത മാനസിക സമ്മര്‍ദവും ഉണ്ടാകുമെന്നാണ് പരീക്ഷ കമ്മിഷണറുടെ വിശദീകരണം. ഐടിഐ, പോളിടെക്‌നിക്, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്നിവയിലേക്കുള്ള പ്രവേശന നടപടികള്‍ എസ്‌എസ്‌എല്‍സി പരീക്ഷ ഫലത്തിന് തൊട്ടുപിന്നാലെ ആരംഭിക്കുന്നതാണ് രീതി.
എസ്എസ്എല്‍സി മാര്‍ക്ക് എങ്ങനെ അറിയാം?
പരീക്ഷാഫലം പ്രഖ്യാപിച്ചു മൂന്നു മാസത്തിന് ശേഷം മാത്രമേ എസ്‌എസ്‌എല്‍സി മാര്‍ക്ക് വിദ്യാര്‍ഥിക്ക് ലഭ്യമാകൂ. മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ 500 രൂപ ഫീസ് നല്‍കിയാല്‍ മാര്‍ക്ക് വിവരങ്ങളറിയാം. രണ്ട് വര്‍ഷത്തിന് ശേഷം 200 രൂപ അടച്ചാല്‍ മതി. എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിക്കുന്ന results.kite.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി മാര്‍ക്ക് ലിസ്റ്റിന് അപേക്ഷ സമര്‍പ്പിക്കാം.