തിരുവനന്തപുരം :മെയ് വഴക്കത്തിന്‍റെ അകമ്പടിയോടെ താളത്തിൽ അറബന മുട്ടി ജില്ലാ കലോത്സവ വേദിയെ വിസ്‌മയിപ്പിച്ച ടീമാണ് തിരുവനന്തപുരം പട്ടം സെന്‍റ് മേരീസിലേത്. ഇത്തവണ സംസ്ഥാന സ്‌കൂൾ കലാ മേളയിൽ തിരുവനന്തപുരം ജില്ലയ്ക്ക് വേണ്ടി ജനുവരി നാലിനാകും ടീം വേദിയിലെത്തുക.
ഓഗസ്റ്റ് മാസത്തിലാണ് 10 പേരടങ്ങുന്ന ടീമിന പരിശീലനം ആരംഭിക്കുന്നത്. പരീക്ഷ കാലത്തും ഒഴിവു സമയം കണ്ടെത്തിയും വൈകുന്നേരങ്ങളിലെ പരിശീലനവും കൈമുതലാക്കിയതിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ടീമെന്ന് പരിശീലകൻ ആഷിഖ് പറയുന്നു. ദഫ് മുട്ടിൽ നിന്നും പൂർണമായി വ്യത്യസ്‌തമായ അറബന മുട്ടിന് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ശേഷമാണ് ടീം സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിലെത്തുന്നത്.
അവസാന സ്‌കൂൾ കലോത്സവ വേദിയെന്ന പ്രത്യേകത മാത്രമല്ല സ്വന്തം ജില്ലയിലെത്തുന്ന കലോത്സവത്തിന്‍റെ ആവേശത്തിലാണ് വിദ്യാർഥികളും. മത്സരം കടുപ്പമാണെന്നറിയാമെങ്കിലും കഴിഞ്ഞ മൂന്ന് വർഷത്തെ അനുഭവം പാഠമാക്കിയാണ് ഇത്തവണ വേദിയിലെത്തുന്നത്. ഒട്ടും വിട്ടു കൊടുക്കാൻ തയ്യാറല്ലെന്നും വിദ്യാർഥികൾ പറയുന്നു.
കാസർകോട് നിന്ന് പുറപ്പെട്ട സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ സ്വർണക്കപ്പ് തിരുവനന്തപുരം ജില്ല അതിർത്തിയായ തട്ടത്തുമലയിൽ സ്വീകരിക്കുന്നതോടെ ജില്ല പൂർണമായും കലോത്സവത്തിന്‍റെ ആവേശത്തിലാകും. ജനുവരി 4 മുതൽ 8 വരെ തലസ്ഥാന നാഗരിയിൽ അക്ഷരാർഥത്തിൽ തലസ്ഥാന നഗരമാകെ കലയുടെ ആരവമുയരും.