ന്യൂ ഡൽഹി : 2024 നീറ്റ് പിജി പരീക്ഷ നടക്കുന്ന ടെസ്റ്റ് സിറ്റികളുടെ ലിസ്റ്റ് പുറത്തുവിട്ട് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS). പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌ത ഉദ്യോഗാർഥികൾക്ക് എൻബിഇഎംഎസ്-ന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇത് പരിശോധിക്കാം.
ജൂലൈ 22 വരെ ഈ ഓൺലൈൻ വിൻഡോ വഴി ഉദ്യോഗാർഥികൾക്ക് അവരുടെ ഇഷ്‌ടപ്പെട്ട ടെസ്റ്റ് സിറ്റികൾ തെരഞ്ഞെടുക്കാനാകും. ഉദ്യോഗാർഥികൾക്ക് അനുവദിച്ചിട്ടുള്ള ടെസ്റ്റ് സിറ്റി സംബന്ധിച്ച വിവരം ജൂലൈ 29-ന്, രജിസ്റ്റർ ചെയ്‌ത ഇമെയിൽ ഐഡി വഴി അറിയിക്കും. ടെസ്റ്റ് സിറ്റിയിലുള്ള ടെസ്റ്റ് സെന്‍റര്‍ (പരീക്ഷ കേന്ദ്രം) സംബന്ധിച്ച വിവരം ഓഗസ്റ്റ് 8-ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന അഡ്‌മിറ്റ് കാർഡ് വഴി ആയിരിക്കും അറിയിക്കുക.
2024 ജൂൺ 23-ന് നടക്കാനിരുന്ന നീറ്റ് പരീക്ഷയ്ക്ക് വേണ്ടി നല്‍കിയ അഡ്‌മിറ്റ് കാർഡുകളിൽ അറിയിച്ചിട്ടുള്ള ടെസ്റ്റ് സിറ്റിയും ടെസ്റ്റ് സെന്‍ററും ഇനി സാധുതയുള്ളതല്ല എന്നും എന്‍ബിഇഎംഎസ് അറിയിച്ചിട്ടുണ്ട്. 2024 ഓഗസ്റ്റ് 11-ന് ആണ് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് (എൻബിഇ) നീറ്റ്-പിജി പരീക്ഷ നടത്തുന്നത്.