തിരുവനന്തപുരം:സംസ്ഥാന കലോത്സവ വേദിയാകെ പുതിയ താളം മനം നിറഞ്ഞ് കേട്ടിരുന്നു. പലരുടെ മുഖത്തും കൗതുകം. തുളു ഭാഷയിലെ വരികൾക്കൊപ്പം തുടിതാളവും പാളത്തൊപ്പിയുമായി അവർ അരങ്ങു തകർത്തു.
കലോത്സവ ചരിത്രത്തിലേക്ക് പേരെഴുതിച്ചേർത്താണ് മംഗലം കളി അരങ്ങേറിയത്. എല്ലാം ഒന്നിനൊന്നു മെച്ചമെന്ന് കാണികളും. സംസ്ഥാന കലോത്സവത്തിൽ ആദ്യമായാണ് മംഗലം കളി വേദിയിൽ എത്തുന്നത്. ഇത് നേരത്തെ എത്തേണ്ടിയിരുന്നതെന്ന് കാണികൾ അഭിപ്രായപ്പെട്ടു.
മാവിലൻ-വേട്ടുവ ആദിവാസി സമൂഹങ്ങളുടെ വിവാഹാഘോഷങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത മംഗലംകളി ആദ്യമായാണ് കലോത്സവ ഇനമായി അവതരിപ്പിക്കുന്നത്. സമുദായത്തിലെ വിവാഹച്ചടങ്ങിന് തലേന്ന് സ്ത്രീകളെല്ലാവരും ചേർന്ന് ആടിപ്പാടിയാണ് മംഗലം കളി കളിക്കുന്നത്. ആടിപ്പാടി ആവേശം കൂടി അവസാനത്തിലേക്കെത്തുമ്പോഴേക്കും സ്വന്തം ദേഹത്ത് അടിച്ചടിച്ചാണ് കളി പുരോഗമിക്കുക.