തിരുവനന്തപുരം : 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലാണ് ഇരുള നൃത്തം, പണിയ നൃത്തം തുടങ്ങിയ ഗോത്ര കലകൾ മത്സരയിനമായി ഉൾപ്പെടുത്തുന്നത്. മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത കലാരൂപങ്ങളാണ് ഇരുള, പണിയ നൃത്തങ്ങൾ. തൃശൂർ, പത്തനംതിട്ട, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ നിരവധി സ്‌കൂൾ വിദ്യാർഥികൾക്ക് 63-ാമത് കലോത്സവത്തിൽ പങ്കെടുക്കാൻ ഇരുള നൃത്തം അഭ്യസിപ്പിച്ചത് അട്ടപ്പാടി സ്വദേശിയായ മുരുകനാണ്. എന്താണ് ഇരുള നൃത്തം എന്ന് മുരുകൻ ഇടിവി ഭാരതിനോട് വ്യക്തമാക്കി.
അട്ടപ്പാടി അടക്കമുള്ള പിന്നോക്ക ഗോത്ര സമുദായങ്ങളുടെ ആചാരങ്ങളുമായി ബന്ധപ്പെട്ട കലാരൂപമാണ് ഇരുള നൃത്തം. കലോത്സവത്തിൽ ഇരുള നൃത്തം അടക്കമുള്ള ഗോത്ര കലകൾ ഉൾപ്പെടുത്തണമെന്ന സംസ്ഥാന സർക്കാർ എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ വിദ്യാർഥികൾക്ക് ഇരുള നൃത്തം പരിചയപ്പെടുത്തി കൊടുക്കുവാനും പഠിപ്പിക്കുവാനും സാധിച്ചതെന്ന് മുരുകൻ പറഞ്ഞു.
കഴിഞ്ഞ 30 വർഷമായി മുരുകൻ പല മേഖലകളിൽ ഇരുള നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്. മുരുകന്‍റെ വാക്കുകളിലൂടെ 'ഇരുള നൃത്തം എന്ന് കേട്ടിട്ട് കൂടി ഇല്ലാത്ത വലിയൊരു സമൂഹം നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട്. വിദ്യാർഥികൾ വളരെ താത്‌പര്യത്തോട് കൂടിയാണ് ഇരുള നൃത്തം സ്വായത്തമാക്കാൻ ശ്രമിക്കുന്നത്. എന്താണ് ഇരുള നൃത്തം എന്ന് ചോദിച്ചാൽ അട്ടപ്പാടി അടക്കമുള്ള ആദിവാസി ഊരുകളിൽ മരണം, കല്യാണം, ഉത്സവം തുടങ്ങിയ വേളകളിൽ അവതരിപ്പിക്കുന്ന ഒരു സംഗീത നൃത്ത രൂപമാണിത്. പ്രായഭേദമന്യേ എല്ലാവരും ഊരുകളിൽ ഈ കലാരൂപം അവതരിപ്പിക്കാറുണ്ട്.'
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക