സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കാന്‍ ഇനി 52 ദിവസം മാത്രമാണ് ബാക്കി. വിദ്യാര്‍ഥികളെ സംബന്ധിച്ച് തങ്ങളുടെ ഭാവി കെട്ടിപ്പടുക്കുന്നതിലുള്ള ആദ്യ പടിയാണ് എസ്എസ്എല്‍സി പരീക്ഷ. സംവിധാനം ഒരു മത്സരാധിഷ്‌ഠിത വ്യവസ്ഥയില്‍ നീങ്ങുന്നതിനാല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങേണ്ടത് ഓരോ വിദ്യാര്‍ഥിക്കും അത്യന്താപേക്ഷിതമാണ്. വിദ്യാര്‍ഥികള്‍ക്ക് ഇഷ്‌ടമുള്ള സ്‌ട്രീമിലേക്ക് തിരിയാന്‍ എസ്എസ്എല്‍സി പരീക്ഷയുടെ മാര്‍ക്കാണ് ഏക ഘടകം.
അതേസമയം, ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ അധിക 'പണി' ഇല്ല എന്നതാണ് എസ്എസ്എല്‍സി പരീക്ഷയുടെ പ്രത്യേകത. കൃത്യമായ സ്റ്റഡി പ്ലാനും അല്‍പ്പം കഠിനാധ്വാനവും കൂടിയായാല്‍ എ പ്ലസ് മുഴുവന്‍ വിഷയത്തിലും ഇങ്ങ് കൂടെപ്പോരും.
2025 മാർച്ച് 3 മുതൽ 26 വരെയാണ് സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ നടക്കുന്നത്. 2024 നവംബർ 1 ന് പരീക്ഷാ ടൈംടേബിളും പുറത്തിറക്കി. എസ്എസ്എല്‍സി പരീക്ഷയുടെ ഘടനയും ചോദ്യ പാറ്റേണുകളും ചര്‍ച്ച ചെയ്യുകയാണ് ഇടിവി ഭാരതിന്‍റെ പുതിയ പരമ്പര...
പരീക്ഷകള്‍ പലവിധം
ഒന്നര മണിക്കൂറും രണ്ടര മണിക്കൂറും ദൈര്‍ഘ്യം വരുന്ന പരീക്ഷകളാണ് എസ്‌എസ്എല്‍സി പരീക്ഷയ്ക്കുള്ളത്. ഇംഗ്ലീഷ്, ഗണിതം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ രണ്ടര മണിക്കൂറും ഹിന്ദി, ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി, ഭാഷ ഒന്നും രണ്ടും പേപ്പറുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഒന്നര മണിക്കൂറുമാണ് പരീക്ഷാ ദൈര്‍ഘ്യം.
ഇംഗ്ലീഷ് പരീക്ഷയുടെ ഘടന വിശകലനം ചെയ്യാം
ആകെ 80 മാര്‍ക്കിലാണ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യങ്ങളുണ്ടാവുക. 20 മാര്‍ക്ക് ഇന്‍റേണല്‍ അസസ്മെന്‍റ് സ്‌കോറാണ്. ആകെ 100 മാര്‍ക്ക്. മേല്‍പ്പറഞ്ഞതു പോലെ രണ്ടര മണിക്കൂറാകും പരീക്ഷയുടെ ദൈര്‍ഘ്യം. 100ല്‍ 30 മാര്‍ക്കാണ് ജയിക്കാന്‍ വേണ്ടത്.
ഗ്രേഡ് ഘടന ഇങ്ങനെ
ഗ്രേഡ്
റേഞ്ച്
ഗ്രേഡ് വാല്യൂ
ഗ്രേഡ് പൊസിഷന്‍
A+
90 ശതമാനം മുതൽ 100 ശതമാനം വരെ
9
Outstanding
A
80 ശതമാനം മുതൽ 89 ശതമാനം വരെ
8
Excellent
B+
70 ശതമാനം മുതൽ 79 ശതമാനം വരെ
7
Very Good
B
60 ശതമാനം മുതൽ 69 ശതമാനം വരെ
6
Good
C+
50 ശതമാനം മുതൽ 59 ശതമാനം വരെ
5
Above Average
C
40 ശതമാനം മുതൽ 49 ശതമാനം വരെ
4
Average
D+
30 ശതമാനം മുതൽ 39 ശതമാനം വരെ
3
Marginal
D
20 ശതമാനം മുതൽ 29 ശതമാനം വരെ
2
Need Improvement
E
20 ശതമാനത്തിന് താഴെ
1
Need Improvement
5 മാര്‍ക്കിന്‍റെ ചോദ്യം പാഠത്തിലെ പാരഗ്രാഫ് തന്ന ശേഷം അത് വായിച്ച് ഉത്തരമെഴുതാനുള്ളതാകും. പാരഗ്രാഫില്‍ നിന്ന് ഓരോ മാര്‍ക്കിന്‍റെ 5 ചോദ്യങ്ങളാണുണ്ടാവുക.
പാഠഭാഗത്തിലെ കവിതകളിലെ വരികള്‍ നല്‍കി അതില്‍ നിന്നുമുള്ള ചോദ്യമാണ് അടുത്തത്. കവിതാ ശകലത്തില്‍ നിന്നുള്ള ചോദ്യത്തിന് 4 മാര്‍ക്കാണ്. അതായത് ഓരോ മാര്‍ക്കിന്‍റെ 4 ചോദ്യങ്ങള്‍.
കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് എഴുതാനുള്ള ചോദ്യം 5 മാര്‍ക്കിന്‍റേതായി ഉണ്ടാകും. പാസേജ് നല്‍കി അത് വായിച്ച് ഉത്തരമെഴുതാനുള്ള ചോദ്യമാണ് അടുത്തത്. ഓരോ മാര്‍ക്കിന്‍റെ 5 ചോദ്യങ്ങള്‍ ഇതിലുമുണ്ടാകും. 7 മാര്‍ക്കിന്‍റെ ഒരു ഉപന്യാസം എഴുതാനുണ്ടാകും. ഇത്തരത്തില്‍ രണ്ട് ചോദ്യങ്ങളില്‍ ഇഷ്‌ടമുള്ളത് തിരഞ്ഞെടുക്കാം.
ഡയറി, നോട്ടീസ്, അഭിമുഖ ചോദ്യങ്ങള്‍ പോലുള്ളവ എഴുതാനുള്ള 5 മാര്‍ക്കിന്‍റെ രണ്ട് ചോദ്യങ്ങളുണ്ട്. മൂന്ന് ചോദ്യങ്ങളില്‍ രണ്ടെണ്ണം എഴുതിയാല്‍ മതിയാകും.
ആറ് മാര്‍ക്കിന്‍റെ മൂന്ന് ചോദ്യങ്ങളാണ് അടുത്ത വിഭാഗം. ഈ വിഭാഗത്തില്‍ വാഗ്മയ ചിത്രം, പ്രൊഫൈല്‍ തയാറാക്കല്‍, കത്ത്, വാര്‍ത്താ റിപ്പോര്‍ട്ട്, പാരഗ്രാഫ് എന്നിവയാണ് ഉണ്ടാവുക. ചോദ്യങ്ങളെല്ലാം പാഠഭാഗവുമായി ബന്ധപ്പെട്ടാണ് പൊതുവേ ഉണ്ടാവുക, അഞ്ച് ചോദ്യങ്ങളില്‍ നിന്ന് മൂന്ന് ചോദ്യത്തിന് ഉത്തരമെഴുതിയാല്‍ മതിയാകും.
അഞ്ച് മാര്‍ക്കിന് പട്ടിക വിശകലനം പോലുള്ള ചോദ്യങ്ങളും കണ്ടുവരുന്നുണ്ട്. അവസാനമായി ഇംഗ്ലീഷ് ഗ്രാമര്‍ ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ഭൂരിഭാഗം ചോദ്യങ്ങളും പാഠഭാഗത്തെ ആശ്രയിച്ചാണ് ചോദിക്കുന്നത് എന്നതിനാല്‍ ഇവ കൃത്യമായി പഠിച്ച് മനസിലാക്കിയാല്‍ തന്നെ ഇംഗ്ലീഷ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടാനാകും എന്നത് തീര്‍ച്ചയാണ്. കത്ത്, ഡയറി, പ്രൊഫൈല്‍ വാര്‍ത്താ കുറിപ്പ് എന്നിവയുടെ പൊതു ഘടനയും പഠിച്ചു വച്ചരിക്കുക. ഇത്രയുമായാല്‍ത്തന്നെ ഇംഗ്ലീഷ് പരീക്ഷ പുഷ്‌പം പോലെ കടക്കാം.