തലസ്ഥാനത്തെ ഉത്സവ ലഹരിയിലേറ്റി സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലാം ദിനത്തിലേക്ക്. 24 വേദികളിലായാണ് മത്സരം നടക്കുക. വിവിധ വേദികളില്‍ ഇന്നും ജനപ്രിയ ഇനങ്ങള്‍ അരങ്ങേറുന്നത് കാലോത്സവത്തിലെ കാണികളുടെ എണ്ണം വര്‍ധിപ്പിക്കും. സംഘനൃത്തം, നാടകം എന്നീ ഇനങ്ങളും ഇന്നാണ് അരങ്ങിലെത്തുക.
ഇന്നത്തെ മത്സരങ്ങളും വേദികളും:സ്‌കൂൾ കലോത്സവത്തിൻ്റെ പ്രധാന വേദിയായ എംടി നിളയിൽ രാവിലെ 9.30ന് എച്ച് എസ് വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യവും ഉച്ചയ്ക്ക് 2ന് സംഘനൃത്തവും നടക്കും. ഗവ വിമൻസ് കോളേജ് ഓഡിറ്റോറിയത്തിലെ പെരിയാർ വേദിയിൽ എച്ച് എസ് എസ് വിഭാഗം ആൺകുട്ടികളുടെ കുച്ചിപ്പുടി രാവിലെ 9.30 നും കോൽക്കളി രണ്ടു മണിക്കും അരങ്ങേറും.
ടാഗോർ തിയേറ്ററിലെ പമ്പയാർ വേദിയിൽ രാവിലെ 9.30 ന് എച്ച് എസ് വിഭാഗത്തിന്‍റെ നാടക മത്സരം നടക്കും. കാർത്തിക തിരുനാൾ തിയേറ്ററിലെ അച്ചൻകോവിലാർ വേദിയിൽ രാവിലെ 9.30 ന് എച്ച് എസ് എസ് വിഭാഗത്തിന്‍റെ ചവിട്ടു നാടകം നടക്കും. ഗവ എച്ച് എസ് എസ് മണക്കാടിലെ കരമനയാർ വേദിയിൽ എച്ച് എസ് എസ് വിഭാഗം പെൺകുട്ടികളുടെ കേരള നടനം രാവിലെ 9.30 നും നാടോടി നൃത്തം ഉച്ചയ്ക്ക് രണ്ടിനും നടക്കും.
സെന്‍റ് ജോസഫ് എച്ച് എസ് എസ് പാളയത്തിലെ ഭവാനി നദി വേദിയിൽ എച്ച് എസ് വിഭാഗത്തിന്‍റെ പെൺകുട്ടികളുടെ മിമിക്രി രാവിലെ 9.30 നും ആൺകുട്ടികളുടെ മിമിക്രി ഉച്ചക്ക് 12 നും വൈകുന്നേരം മൂന്നിന് എച്ച് എസ് വിഭാഗത്തിന്‍റെ വൃന്ദവാദ്യവും അരങ്ങേറും. പട്ടം ഗവ ഗേൾസ് എച്ച് എസ് എസിലെ വാമനപുരം നദി വേദിയിൽ രാവിലെ 9.30 ന് എച്ച് എസ് എസ് വിഭാഗം ആൺകുട്ടികളുടെ മോണോ ആക്‌ടും ഉച്ചയ്ക്ക് 12.00 ന് എച്ച് എച്ച് എസ് വിഭാഗം പെൺകുട്ടികളുടെ മോണോ ആക്‌ടും വൈകുന്നേരം മൂന്നിന് എച്ച് എസ് എസ് വിഭാഗം പരിചമുട്ടും അരങ്ങേറും.
നിർമലാഭവൻ എച്ച് എസ് എസ് കവടിയാറിലെ പള്ളിക്കലാർ വേദിയിൽ രാവിലെ 9.30 ന് എച്ച് എസ് വിഭാഗത്തിന്‍റെ വട്ടപ്പാട്ടും വൈകുന്നേരം മൂന്നിന് എച്ച് എസ് എസ് വിഭാഗത്തിന്‍റെ കഥാപ്രസംഗവും നടക്കും. വഴുതക്കാട് കോട്ടൻഹിൽ എച്ച് എസിലെ കല്ലടയാർ വേദിയിൽ രാവിലെ 9.30 ന് എച്ച് എസ് വിഭാഗത്തിന്‍റെ അറബിക് നാടകം അരങ്ങേറും.