കേരളം

kerala

ETV Bharat / education-and-career

കീം പരീക്ഷ സംബന്ധിച്ച് സംശയമുണ്ടോ? കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കൂ - KEAM Doubts and Enquiry - KEAM DOUBTS AND ENQUIRY

കീം പരീക്ഷയെക്കുറിച്ചുള്ള സംശയ നിവാരണത്തിനും അന്വേഷണങ്ങള്‍ക്കുമായി കണ്‍ട്രോള്‍ റൂം സജ്ജമാക്കി പ്രവേശന പരീക്ഷ കമ്മീഷണറുടെ കാര്യാലയം. വിളിക്കാനുള്ള നമ്പരുകളും പുറത്ത് വിട്ടു.

KEAM  ENTRANCE EXAM COMMISSIONER  CONTROL ROOM  കീം
പ്രതീകാത്മക ചിത്രം (ETV Bharat)

By ETV Bharat Kerala Team

Published : May 31, 2024, 10:29 PM IST

തിരുവനന്തപുരം: എൻജിനിയറിങ്/ഫാർമസി കോഴ്‌സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയെ (കീം-2024) സംബന്ധിച്ച സംശയ നിവാരണത്തിനും അന്വേഷണത്തിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ കൺട്രോൾ റൂം ആരംഭിച്ചു. അന്വേഷണങ്ങൾക്ക് 0471-2332120, 0471-2338487 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വിശദ വിവരങ്ങൾwww.cee.kerala.gov.in ൽ ലഭിക്കും.

പ്രവേശന പരീക്ഷാ കമ്മീഷണറേറ്റില്‍ പരീക്ഷ നടത്തിപ്പിനായും പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ജില്ലാ തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു കഴിഞ്ഞു. നോഡല്‍ ഓഫീസര്‍ക്കായിരിക്കും ജില്ലകളിലെ മേല്‍നോട്ട ചുമതല. 130 കേന്ദ്രങ്ങളിലും പ്രത്യേക കോര്‍ഡിനേറ്റര്‍മാരും നിരീക്ഷകരും ഉണ്ടായിരിക്കും. പരീക്ഷാ കേന്ദ്രങ്ങളിലെ സെര്‍വറുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ചുമതല ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടിനായിരിക്കും.

സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ കീം (KEAM) എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈനായാണ് നടത്തുന്നത്. ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം. ജൂണ്‍ അഞ്ചു മുതല്‍ ഒന്‍പതു വരെ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടക്കും.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സര്‍ക്കാര്‍, 198 സ്വാശ്രയ സ്ഥാപനങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലും, ഡല്‍ഹിയിലെ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലും, മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുക. 1,13,447 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് ആണ് ഓണ്‍ലൈന്‍ പരീക്ഷയ്ക്കായുള്ള സോഫ്റ്റ്‌വയര്‍ വികസിപ്പിച്ചത്.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായ രീതിയില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്കായി തയ്യാറാക്കിയ സോഫ്റ്റ്‌വെയറും അനുബന്ധ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും വിലയിരുത്താന്‍ മെയ് 24ന് മോക്ക് ടെസ്റ്റും 25ന് ട്രയല്‍ പരീക്ഷയും പൂര്‍ത്തിയാക്കിയിരുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ ഒരു പ്രത്യേക പരീക്ഷ കേന്ദ്രത്തിലെയോ ഏതെങ്കിലും ദിവസത്തെയോ പരീക്ഷ മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ആ പരീക്ഷ ജൂണ്‍ 10ന് നടത്തുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഒരു ദിവസം പരീക്ഷ എഴുതുന്നത് 18,993 പേര്‍

ഒരു ദിവസം പരമാവധി 18,993 പേര്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരു പരീക്ഷ കേന്ദ്രത്തില്‍ ഒരേ സമയം പരമാവധി 126 കുട്ടികള്‍ക്ക് വരെ പരീക്ഷ എഴുതാം. എല്ലാ കേന്ദ്രങ്ങളിലും കരുതല്‍ കമ്പ്യൂട്ടറുകളും ഒരുക്കിയിട്ടുണ്ട്.

ദുബായ് കേന്ദ്രത്തില്‍ ജൂണ്‍ 6 നും മുംബൈ, ഡല്‍ഹി ഉള്‍പ്പെടെയുള്ള മറ്റു കേന്ദ്രങ്ങളിലെല്ലാം ജൂണ്‍ അഞ്ചിനും പരീക്ഷ തുടങ്ങും. ബി ഫാം പ്രവേശനത്തിനുള്ള പ്രത്യേക പരീക്ഷ ജൂണ്‍ 6 ന് ഉച്ചക്ക് ശേഷം 3.30 മുതല്‍ 5 മണി വരെ നടക്കും. സാങ്കേതിക കാരണത്താല്‍ ഏതെങ്കിലും കേന്ദ്രത്തില്‍ പരീക്ഷ തുടങ്ങാന്‍ വൈകിയാല്‍ പരീക്ഷാ സമയം അതനുസരിച്ച് പുനഃക്രമീകരിക്കുന്നതാണ്. മഴയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും യുപിഎസ് ബാക്ക്-അപ്പും ജനറേറ്ററും സജ്ജീകരിച്ചിട്ടുണ്ട്.

പരീക്ഷാര്‍ത്ഥികള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍:

രാവിലെ 7:30 ന് പരീക്ഷാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതും ബയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടതുമാണ്. 9:30 നു ശേഷം പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കുന്നതല്ല. കൃത്യം രാവിലെ 9.45 ന് വിദ്യാര്‍ത്ഥികളുടെ ലോഗിന്‍ വിന്‍ഡോയില്‍ 15 മിനിട്ടുള്ള മോക്ക് ടെസ്റ്റ് തുടങ്ങും. ടൈമര്‍ സീറോയില്‍ എത്തുമ്പോള്‍ പരീക്ഷ ആരംഭിക്കും.

ബി ഫാം പ്രവേശനത്തിനുള്ള വിദ്യാര്‍ത്ഥികള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. പരീക്ഷയ്ക്കായുള്ള അഡ്‌മിറ്റ് കാര്‍ഡ് ക്യാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ അഡ്‌മിറ്റ് കാര്‍ഡിനോടൊപ്പം അഡ്‌മിറ്റ് കാര്‍ഡില്‍ പരാമര്‍ശിച്ചിരിക്കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ രേഖകൂടി നിര്‍ബന്ധമായും ഹാജരാക്കണം.

Also Read:കീം 2024: അഡ്‌മിറ്റ് കാർഡ് പുറത്ത്; ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ

ABOUT THE AUTHOR

...view details