തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ കേരള എഞ്ചിനിയറിങ്/ ഫാർമസി കോഴ്‌സുകളിലേക്കുള്ള (കീം 2024) പ്രവേശനത്തിന് സമർപ്പിച്ച അപേക്ഷയിലെ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിനുള്ള അവസാന തീയതി 18 ന് വൈകീട്ട് മൂന്നു മണിവരെ ദീർഘിപ്പിച്ചു.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ‘KEAM-2024 Candidate Portal’ എന്ന ലിങ്കില്‍ അവരവരുടെ അപേക്ഷാ നമ്പറും, പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്‌ത് വെബ്‌സൈറ്റില്‍ പ്രവേശിക്കാവുന്നതാണ്.
നല്‍കിയിരിക്കുന്ന സമയ പരിധിക്കുള്ളില്‍ പറഞ്ഞിരിക്കുന്ന ന്യൂനതകൾ പരിഹരിക്കുന്നതിനാവശ്യമായ ഫോട്ടോഗ്രാഫ്/ഒപ്പ്/ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവയിലേതാണോ അത് ഓൺലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്. നേരിട്ടോ, തപാൽ മുഖേനയോ, ഇമെയിലൂടെയോ ലഭിക്കുന്ന രേഖകൾ പരിഗണിക്കില്ല.