തിരുവനന്തപുരം :ആരവങ്ങളും ആർപ്പു വിളികളുമായി ആവേശം അണപൊട്ടിയൊഴുകിയ സദസും ചലച്ചിത്ര താരങ്ങളും ജനപ്രതിനിധികളും തിങ്ങി നിറഞ്ഞ വർണാഭമായ വേദിയും, 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് അഴകോടെ സമാപനം കുറിച്ചു. നാല് മണിക്ക് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 4:40 തോടെയാണ് മുഖ്യാതിഥികളായ ആസിഫ് അലിയും ടൊവിനോ തോമസും സമാപന വേദിയിലെത്തിയത്.
സദസിന് ഏറ്റവും പിന്നിൽ നിന്നും തിരതല്ലിയെത്തിയ ആരവങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിലെ സമാപന ചടങ്ങിന് അനൗപചാരികമായി തുടക്കം കുറിച്ചു. തിങ്ങി നിറഞ്ഞ സദസിന് നേർക്ക് കൈകാട്ടിയും പുഞ്ചിരിച്ചും താരങ്ങൾ കുട്ടികളെ കയ്യിലെടുത്തപ്പോൾ ഔപചാരിക ചടങ്ങിൽ ഉദ്ഘാടകനായ പ്രതിപക്ഷ നേതാവുൾപ്പെടെ താരങ്ങൾക്കായി പ്രസംഗം ചുരുക്കി. ജീവിതത്തിലൊരിക്കലും കലയെ കൈവിടരുതെന്ന താരങ്ങളുടെ ഉപദേശത്തെയും നിറ കയ്യടികളുടെ അകമ്പടിയിലാണ് കുട്ടികൾ സ്വീകരിച്ചത്.
ചടങ്ങില്‍ ടൊവിനോ തോമസ്, ആസിഫ് അലി (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് പുറമെ മന്ത്രിമാരായ ജി ആർ അനിൽ, കെ കൃഷ്‌ണൻ കുട്ടി, കെ രാജൻ എന്നിവരും തിരുവനന്തപുരത്തെ മുഴുവൻ എംഎൽഎമാരും വേദിയിൽ ഉണ്ടായിരുന്നു. സ്‌കൂൾ കലോത്സവത്തിന്‍റെ സ്വർണക്കപ്പ് രൂപകൽപന ചെയ്‌ത മുൻ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ ചിറയിൻകീഴ് ശ്രീകണ്‌ഠൻ നായരെ സമാപന വേദിയിൽ പ്രത്യേകം ആദരിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്‍റെ അഭ്യർഥന മാനിച്ച് വേദിയിൽവച്ചു തന്നെ മൂടിമാറ്റി സ്വർണക്കപ്പിന്‍റെ ശില്‌പി വർഷങ്ങൾക്ക് ശേഷം തന്‍റെ കലാസൃഷ്‌ടി സ്‌പർശിക്കുന്ന കാഴ്‌ചയ്‌ക്കും സമാപന വേദി സാക്ഷ്യം വഹിച്ചു.
പതിനായിരങ്ങൾ ഒഴുകിയെത്തിയ സമാപന ചടങ്ങിലും സംഘാടക മികവിന്‍റെ വൈഭവം പ്രകടമായിരുന്നു. അക്ഷരാർഥത്തിൽ തലസ്ഥാനത്തെ കലസ്ഥാനമാക്കി നഗരത്തെയാകെ ഉത്സവ ലഹരിയിലാഴ്ത്തിയ 8 പകലുകളും 9 രാത്രികളും സമാപിച്ചപ്പോൾ വിജയികൾ സമ്മാനമുയർത്തി വേദിക്ക് ചുറ്റും ആഘോഷ പ്രകടനവും നടത്തി.
Also Read: കലയെ ചേർത്തു പിടിച്ച അനന്തപുരിക്ക് നന്ദി... നന്ദി