ഹൈദരാബാദ്: അമേരിക്കയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷം. പഠനം പൂര്‍ത്തിയാക്കി വിദേശത്തെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ നിരവധി പേര്‍ ദുരിതത്തില്‍. രണ്ടര പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഇത്തരത്തില്‍ വലിയൊരു പ്രതിസന്ധിക്ക് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്.
വലിയ പ്രതീക്ഷയോടെ ഉപരിപഠനത്തിന് അമേരിക്കയിലെത്തിയ ആയിരക്കണക്കിന് വിദ്യാർഥികളാണ് ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയിട്ടും വഴിയോരങ്ങളിൽ അലയേണ്ടി വരുന്നത്. ഒരു വശത്ത് ബാങ്കുകളിൽ നിന്നെടുത്ത വായ്‌പ, മറുവശത്ത് ജോലി എപ്പോൾ ലഭിക്കുമെന്നറിയാത്ത ആശങ്ക.
ജോലി ലഭിക്കുന്നില്ലെന്ന് മാത്രമല്ല നാലോ അഞ്ചോ വർഷമായി ജോലി ചെയ്യുന്നവരെ സോഫ്റ്റ്‌വെയർ കമ്പനികൾ പിരിച്ചുവിടുന്നതും വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. പഠനം പൂര്‍ത്തിയാക്കിയ പലര്‍ക്കും ആഗ്രഹിച്ച ജോലിയും ലഭിച്ചിട്ടില്ല. പകരം പലരും ഹോട്ടലുകളിലും പെട്രോൾ പമ്പുകളിലും ജോലി ചെയ്യേണ്ട അവസ്ഥയാണ്.
തെലങ്കാനയിൽ നിന്നുള്ള വെങ്കട്ട് ആറ് വർഷം മുമ്പ് ഐഐടിയിൽ നിന്ന് എഞ്ചിനീയറിങ് പാസായി. അമേരിക്കയിൽ നിന്ന് എംഎസ് കഴിഞ്ഞ് അവിടെ ഒരു വലിയ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലിയും അതോടൊപ്പം എച്ച്-വൺ ബി വിസയും ലഭിച്ചു. ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ഒന്നര വർഷം മുമ്പ് കമ്പനി അദ്ദേഹത്തെ പുറത്താക്കി. മറ്റൊരിടത്തും ജോലി ലഭിക്കാത്തതിനാൽ ഇപ്പോൾ ഒരു വർഷമായി വെങ്കട്ട് ന്യൂജേഴ്‌സിയിലെ ഒരു ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്യുകയാണ്.
ഹൈദരാബാദ് സ്വദേശിയായ വിദ്യാർഥിക്ക് എഞ്ചിനീയറിങ് പൂർത്തിയാക്കിയ ശേഷം 40 ലക്ഷം രൂപയുടെ പാക്കേജിൽ ഒരു പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനി ജോലി വാഗ്‌ദാനം ചെയ്‌തു. എന്നാൽ അത് വേണ്ടാന്ന് വച്ചിട്ടാണ് അമേരിക്കയിലേക്ക് പോയത്. ഈയിടെയാണ് എംഎസിൽ പഠനം പൂർത്തിയാക്കിയത്. എന്നാൽ ജോലി ലഭിക്കാതെ ഏതാനും മാസങ്ങളായി പ്രയാസത്തിലാണ്.
ജോലി കിട്ടാൻ അവിടെ പഠിക്കണം:അമേരിക്കയിലെ സോഫ്‌റ്റ്‌വെയർ കമ്പനികളിൽ ഉയർന്ന ശമ്പളമുള്ള ജോലി ലഭിക്കുമെന്ന വിശ്വാസത്തോടെയാണ് നമ്മുടെ നാട്ടിൽ നിന്നുള്ള വിദ്യാർഥികൾ എല്ലാ വർഷവും അവിടെ പോകുന്നത്. അങ്ങനെ, 2022-23 വർഷത്തിൽ ഏകദേശം രണ്ട് ലക്ഷം പേർ നാട് വിട്ടു. ഇതിൽ 45,000 മുതൽ 55,000 വരെ തെലുങ്ക് വിദ്യാർഥികളുണ്ടെന്ന് കൺസൾട്ടൻസി സ്ഥാപനങ്ങളുടെ പ്രതിനിധികൾ പറയുകയുണ്ടായി.
അമേരിക്കയിലേക്ക് പോകുന്ന വിദ്യാർഥികളിൽ ഭൂരിഭാഗവും കമ്പ്യൂട്ടർ സയൻസും അതുമായി ബന്ധപ്പെട്ട എംഎസിലുളള കോഴ്‌സുകളും പഠിക്കാനാണ് ഇഷ്‌പ്പെടുന്നത്. രണ്ട് വർഷം മുമ്പ് വരെ അമേരിക്കയിൽ എംഎസ് ചെയ്‌തവരിൽ 85 ശതമാനം പേർക്ക് അവിടെ തന്നെ ജോലി ലഭിച്ചു.
തൊഴിലില്ലായ്‌മ ഒരു പ്രശ്‌നമാകാൻ കാരണം:കൊവിഡ് 19ൻ്റെ പ്രഭാവം 2020ൽ ആരംഭിച്ച് ഒന്നര വർഷത്തിലേറെയായി തുടർന്നു. രണ്ടുതവണ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കാരണം അമേരിക്കയിലെ എല്ലാത്തരം വ്യവസായങ്ങളും സ്‌തംഭിച്ചു. കമ്പനികളെ സംരക്ഷിക്കാനായി സർക്കാർ പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചതിനാൽ 2021-22ൽ കമ്പനികൾക്ക് വൻ തുക ലഭിക്കുവാനിടയായി.
ബാങ്കുകൾ കുറഞ്ഞ പലിശയ്ക്ക് ആയിരക്കണക്കിന് കോടി രൂപ വായ്‌പ നൽകുകയും പല കമ്പനികളും അത് വലിയ രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്‌തു. കൊവിഡിൻ്റെ പ്രഭാവം കുറഞ്ഞതോടെ അമേരിക്കയിൽ സർക്കാർ നൽകിക്കൊണ്ടിരുന്ന പാക്കേജുകൾ നിർത്തിവച്ചു. ആ സമയത്ത് വ്യാവസായിക മേഖല കാര്യമായി ഉണർന്നിട്ടില്ലായിരുന്നു.