തിരുവനന്തപുരം: പ്രൗഢഗംഭീര പ്രകടനങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു 63-മത് കലോത്സവത്തിന്‍റെ ആദ്യ ദിനം. വിവിധ ഇനങ്ങളിൽ മത്സരാർഥികൾ മാറ്റുരച്ചു. മോഹിനിയാട്ടം, ഭാരതനാട്യം, കുച്ചിപ്പുടി, പ്രസംഗം, ലളിത ഗാനം, സംഘ നൃത്തം തുടങ്ങി ഒട്ടേറെ ജനപ്രിയ ഇനങ്ങളിലാണ് ഇന്ന് മത്സരം നടന്നത്.
24 വേദികളിലായിട്ടായിരുന്നു മത്സരം. വേദി ഒന്നിൽ മോഹിനിമാർ നർത്തനമാടിയപ്പോൾ മറ്റു വേദികളിൽ കുച്ചിപ്പുടിയും സംഘ നൃത്തവും ശില്‍പ ഭംഗി തീർത്തു. മണവാട്ടിയും തോഴിമാരും ഒപ്പനയിൽ കൈത്താളം തീർത്തപ്പോൾ പ്രസംഗ മത്സര വേദിയിൽ മിടുക്കികളും മിടുക്കന്മാരും വാക്‌ചാതുര്യം കൊണ്ട് കാണികളെ കയ്യിലെടുത്തു.