കേരളം

kerala

ETV Bharat / education-and-career

തിരുവനന്തപുരം കലോത്സവത്തിന് താരത്തിളക്കത്തോടെ പര്യവസാനം - GLORIOUS END TO SCHOOL KALOLSAVAM

കലോത്സവ നഗരി സാക്ഷ്യം വഹിച്ചത് മികച്ച കലാ പ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമായ അഞ്ച് ദിനങ്ങള്‍ക്ക്

KALOLSAVAM ROUNDUP  KERALA STATE SCHOOL KALOLSAVAM 2024  കലോത്സവം അവസാനിച്ചു  സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025
Kerala School Kalolsavam 2025 Closing Ceremony (ETV Bharat)

By ETV Bharat Kerala Team

Published : Jan 8, 2025, 9:03 PM IST

തിരുവനന്തപുരം: അഞ്ച് ദിവസം നീണ്ട കലാമാമാങ്കത്തിന് അനന്തപുരിയില്‍ പര്യവസാനം. അവസാന നിമിഷം വരെ നീണ്ടുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ തൊട്ടടുത്ത് നിന്ന പാലക്കാടിനെ ഒരു പോയിന്‍റിന് പിന്തള്ളിയാണ് തൃശൂര്‍ ഒന്നാമതെത്തിയത്. 1999 ന് ശേഷം ആദ്യമായാണ് തൃശൂർ കലോത്സവ കപ്പുയര്‍ത്തുന്നത്.

ആദ്യ ദിനം മുതല്‍ക്കേ കണ്ണൂരിനും കോഴിക്കോടിനും പാലക്കാടിനുമൊപ്പം തൃശൂരും കട്ടയ്ക്ക് പിടിച്ചു നില്‍ക്കുന്നുണ്ടായിരുന്നു. ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ഈണം പകര്‍ന്ന ഗാനത്തിനൊപ്പം കേരള കലാമണ്ഡലത്തില്‍ നിന്നുള്ള കുട്ടികളുടെ സ്വാഗത ഗാനത്തോടെയായിരുന്നു ഇത്തവണത്തെ കലോത്സവത്തിന് കൊടിയേറിയത്. അതിജീവനത്തിന്‍റെ കഥ പറഞ്ഞ വെള്ളാര്‍മല സ്‌കൂളിലെ കുട്ടികളുടെ സംഘനൃത്തം സദസിനെ കണ്ണീരണിയിച്ച പ്രകടനമായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആദ്യ ദിവസം മത്സരയിനങ്ങള്‍ തീരാന്‍ അല്‍പ്പം വൈകിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ സുഗമമായ നടത്തിപ്പാണ് മത്സര ക്രമീകരണത്തില്‍ കാണാനായത്. നിറഞ്ഞ സദസ്സിലാണ് മത്സരയിനങ്ങളോരോന്നും പൂര്‍ത്തിയായത്.

എന്‍സിസി, എസ്‌പിസി അടക്കമുള്ള വിദ്യാര്‍ഥി വൊളന്‍റിയേഴ്‌സിന്‍റെ സേവനവും എടുത്ത് പറയേണ്ടതാണ്. രാപ്പകലില്ലാതെ വിദ്യാര്‍ഥികള്‍ കലോത്സവ നഗരിയില്‍ ഓടി നടന്ന് സഹായങ്ങള്‍ നല്‍കി. പഴയിടത്തിന്‍റെ ഊട്ടുപുര വന്നവര്‍ക്കെല്ലാം മതിയാവോളം ഭക്ഷണം നല്‍കി.

മത്സരിച്ചവരുടെ പ്രകടനങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു കാണികളെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു. എ ഗ്രേഡുകളുടെ എണ്ണത്തിലും ഇത്തവണ വര്‍ധനവുണ്ട്. നാടക മത്സരത്തെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന ചര്‍ച്ചയും പ്രകടനങ്ങളെ ആരോഗ്യകരമായി വിലയിരുത്തി. വെള്ളാര്‍മല സ്‌കൂളിന്‍റെ വെള്ളപ്പൊക്കത്തില്‍ എന്ന നാടകവും, മേമുണ്ട സ്‌കൂളിന്‍റെ ശ്വാസം എന്ന നാടകവും കാണികളെ കരയിച്ചു.

അതേസമയം, വിവാദങ്ങള്‍ക്കും കുറവുണ്ടായിരുന്നില്ല. കലോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ട നാടകത്തിന്‍റെ കഥ തന്‍റേതാണെന്നും, അനുവാദമില്ലാതെ ഉപയോഗിക്കപ്പെട്ടതാണെന്നും കാട്ടി എഴുത്തുകാരന്‍ സുസ്മേഷ് ചന്ദ്രോത്ത് രംഗത്തുവന്നു. അതിരൂക്ഷ ഭാഷയിലാണ് സുസ്മേഷ് പ്രതികരിച്ചത്. നാടകത്തിന് വിധികര്‍ത്താവായി സിനിമാ സംവിധായകനെ കൊണ്ടുവന്നതും വിവാദത്തിന് തിരിതെളിച്ചിരുന്നു. അതേസമയം വലിയ പ്രതിസന്ധികളില്ലാതെയാണ് ഇത്തവണത്തെ കലോത്സവം പര്യവസാനിച്ചത്.

സ്‌കൂൾ കലോത്സവത്തിന്‍റെ സ്വർണക്കപ്പ് രൂപകൽപന ചെയ്‌ത മുൻ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ ചിറയിൻകീഴ് ശ്രീകണ്‌ഠൻ നായരെ സമാപന വേദിയിൽ പ്രത്യേകം ആദരിച്ചു. അദ്ദേഹത്തിന്‍റെ അഭ്യർഥന പ്രകാരം വേദിയിൽവെച്ചു തന്നെ മൂടിമാറ്റി സ്വർണക്കപ്പിന്‍റെ ശില്‌പി വർഷങ്ങൾക്ക് ശേഷം തന്‍റെ കലാസൃഷ്‌ടി സ്‌പർശിക്കുന്ന കാഴ്‌ചയ്‌ക്കും സമാപന വേദി സാക്ഷിയായി.

സമാപന സമ്മേളനത്തിന് മുഖ്യാതിഥികളായി ചലചിത്ര താരങ്ങളായ ആസിഫ് അലിയും ടോവിനോ തോമസുമാണ് എത്തിയത്. ചാമ്പ്യന്മാരായ തൃശൂർ ജില്ലയിലെ വിജയികളായ കലോത്സവ താരങ്ങൾക്ക് ആസിഫ് അലി സിനിമയുടെ ടിക്കറ്റ് സൗജന്യമായി നൽകുമെന്ന് താരത്തിന്‍റെ വാഗ്‌ദാനം വിദ്യാര്‍ഥികളെ ആവേശത്തിലാഴ്‌ത്തി. വിദ്യാര്‍ഥികള്‍ക്കുടനീളം പ്രചോദനമേകുന്ന പ്രസംഗം നടത്തിയാണ് ടോവിനോയും വേദി വിട്ടത്.

Also Read:'പ്രിയപ്പെട്ട അനിയന്മാരെ അനിയത്തിമാരെ'... കലാകാരുടെ മുന്നിൽ നിൽക്കുമ്പോൾ സന്തോഷവും അഭിമാനവും: ടൊവിനോ തോമസ്

ABOUT THE AUTHOR

...view details