ജയ്‌പൂര്‍:രാജസ്ഥാനിലെ കോട്ടയിലെ കോച്ചിങ് സിറ്റിയിലെ വിദ്യാർഥികളുടെ പിരിമുറുക്കം ലഘൂകരിക്കുന്നതിനായി കോട്ട ജില്ലാ മജിസ്‌ട്രേറ്റ് ഡോ.രവീന്ദർ ഗോസ്വാമി 'കമ്യബ് കോട്ട' ക്യാമ്പെയ്‌നിന് കീഴിൽ 'ഡിന്നർ വിത്ത് കളക്‌ടർ' എന്ന പ്രതിവാര പരിപാടി ആരംഭിച്ചു ( 'Dinner With Collector' To Ease Stress Of Coaching Students). പഠനവുമായി ബന്ധപ്പെട്ട സമ്മർദ്ദം കാരണം കോച്ചിംഗ് വിദ്യാർത്ഥികളുടെ വർദ്ധിച്ചുവരുന്ന ആത്മഹത്യ കണക്കിലെടുത്ത് എംബിബിഎസുകാരനും, മുൻ കോച്ചിംഗ് വിദ്യാർത്ഥിയുമായ ഗോസ്വാമി, കഴിഞ്ഞ മാസമാണ് പ്രോഗ്രാം ആരംഭിച്ചത്. 'ഡിന്നർ വിത്ത് കളക്‌ടർ' എന്ന പ്രോഗ്രാമില്‍, എല്ലാ വെള്ളിയാഴ്‌ചയും ഹോസ്‌റ്റലിൽ വിദ്യാർത്ഥികളോടൊപ്പം അവരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ അദ്ദേഹം അവരോടൊപ്പം സമയം ചെലവഴിക്കുകയും അത്താഴം കഴിക്കുകയും ചെയ്യുന്നു.
ഫെബ്രുവരി ഒന്നിന് ഇന്ദ്രപ്രസ്ഥ മേഖലയിലെ ഒരു ഹോസ്‌റ്റലിലെ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചിരുന്നു. അദ്ദേഹം വിദ്യാർത്ഥികളോടൊപ്പം ബോളിവുഡ് ഗാനങ്ങൾ ആലപിക്കുകയും വിജയമന്ത്രങ്ങൾ പങ്കുവെക്കുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്‌തു.
രണ്ട് കോച്ചിംഗ് വിദ്യാർത്ഥികളും 27 കാരനായ ബിടെക് വിദ്യാർത്ഥിയും കഴിഞ്ഞ മാസം തൂങ്ങി ആത്മഹത്യ ചെയ്‌തത് ശ്രദ്ധേയമായ സംഭവമാണ്. 2023 ൽ കോട്ടയിൽ ഇരുപത്തിയാറ് കോച്ചിംഗ് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്‌തത്. ഇത് നഗരത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കാണ്.
മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി ഓരോ വർഷവും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ കോച്ചിംഗ് സെന്‍ററിലേക്ക് വരുന്നത്. എൻട്രൻസ് കോച്ചിംഗ് വിദ്യാർത്ഥികൾക്കായി 4500 ഹോസ്‌റ്റലുകളും 40,000 പിജി താമസ സൗകര്യങ്ങളും നഗരത്തിലുണ്ട്.
"എന്തുകൊണ്ട് സ്വയം സംശയം ഉണ്ടാക്കണം?" എന്നാണ് അടുത്തിടെ നടന്ന ആശയവിനിമയത്തില്‍ 2016 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ഗോസ്വാമി വിദ്യാർത്ഥികളോട് ചോദിച്ചത്. ഡിന്നറിൽ പഠനത്തെക്കുറിച്ചും മത്സര പരീക്ഷകൾക്കുള്ള തയ്യാറെടുപ്പിനെക്കുറിച്ചും വിദ്യാര്‍ത്ഥികൾ അവരുടെ ആശങ്കകൾ അദ്ദേഹത്തിനോട് പങ്കുവെച്ചു. അവരുടെ ശക്തവും ദുർബലവുമായ പോയിന്‍റുകൾ തിരിച്ചറിയാനും ദുർബലമായവ മെച്ചപ്പെടുത്താനും ഗോസ്വാമി അവരോട് പറഞ്ഞു.