കേരളം

kerala

ETV Bharat / education-and-career

മത്സരബുദ്ധി വേണ്ട; എല്ലാ കലോത്സവകാലത്തും നവ്യയും ഞാനും ചർച്ചാ വിഷയമാണ് - അമ്പിളി ദേവി - AMBILI DEVI TALKS ABOUT KALOLSAVAM

രക്ഷിതാക്കളായാലും ജഡ്‌ജസായാലും അനാവശ്യമായ വിവാദം ഉണ്ടാക്കരുതെന്ന് താരം.

AMBILI DEVI AND NAVYA NAIR ISSUE  STATE SCHOOL KALOLSAVAM 2025  അമ്പിളി ദേവി നവ്യനായര്‍ കലോത്സവം  കലോത്സവം 2025  KALOLSAVAM 2025
ACTRESS AMBILI DEVI (ETV Bharat)

By ETV Bharat Entertainment Team

Published : Jan 3, 2025, 3:27 PM IST

Updated : Jan 3, 2025, 3:48 PM IST

63ാ മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ജനുവരി നാലാം തിയതി തിരുവനന്തപുരത്ത് കൊടിയേറുകയാണ്. കലയുടെ സ്ഥാനമായി തലസ്ഥാന നഗരി മാറുന്ന 5 ദിനരാത്രങ്ങൾ. മലയാളത്തില്‍ ഒട്ടേറെ താരങ്ങള്‍ കലോത്സവ വേദിയിലൂടെ വെള്ളിത്തിരയില്‍ എത്തിയിട്ടുണ്ട്. അത്തരമൊരു താരമാണ് അമ്പിളി ദേവി. 2001ൽ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ കലാതിലകമായിരുന്നു അമ്പിളി ദേവി. അമ്പിളി ദേവിക്ക് ടെലിവിഷൻ ചലച്ചിത്ര മേഖലകളിലേക്കുള്ള വലിയ വാതിൽ തുറന്നു കിട്ടുന്നത് തന്നെ ഈ വേദിയായിരുന്നു.

63 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല ഉയരുവാൻ ഇരിക്കെ പങ്കെടുക്കുവാൻ എത്തുന്ന എല്ലാ കുട്ടികൾക്കും അമ്പിളി ദേവി ആശംസകൾ അറിയിച്ചിരിക്കുകയാണ്. കലയുടെ വലിയ വിഹായസിലേക്ക് കുട്ടികൾക്ക് പറന്നു കയറുവാൻ ചിറകു തുന്നുന്ന നെയ്ത്ത് ശാലകളാണ് കലോത്സവങ്ങൾ എന്ന് പ്രശസ്‌ത അഭിനയത്രിയും മുൻ കല തിലകവുമായ അമ്പിളി ദേവി അഭിപ്രായപ്പെട്ടു.

ACTRESS AMBILI DEVI (ETV Bharat)

ഒപ്പം പഴയ കലോത്സവ ഓർമ്മകളിലൂടെ സഞ്ചരിക്കുകയാണ് ഇപ്പോള്‍ അമ്പിളി ദേവി. ഒരുകാലത്ത് കേരളത്തിലെ കുട്ടികൾക്ക് തങ്ങളുടെ കല നൈപുണ്യം പ്രകടിപ്പിക്കുവാൻ ഉണ്ടായിരുന്ന ഏക വേദിയാണ് ജില്ല സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങൾ. കലോത്സവ വേദിയെ പൂർണമായും മത്സരബുദ്ധിയോടു കൂടി സമീപിക്കരുതെന്ന് അമ്പിളി ദേവി പ്രസ്‌താവിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങൾ ഇപ്പോഴത്തെ തലമുറയ്ക്ക് മുന്നിലുള്ള അവസരകളുടെ അവസാന വാതിലാണെന്ന് കരുതരുത്. വിജയവും പരാജയവും ജീവിതത്തിന്‍റെ രണ്ട് വശങ്ങൾ ആണെന്ന് കുട്ടികളെ രക്ഷിതാക്കൾ ബോധ്യപ്പെടുത്തണമെന്നും അമ്പിളി ദേവി പറയുകയുണ്ടായി.

അനാവശ്യ ഇടപെടലുകളും വിവാദങ്ങളും ഒഴിവാക്കണം

ഇപ്പോഴത്തെ തലമുറയിലെ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ നവധാര മാധ്യമങ്ങളുടെ വലിയൊരു പിൻബലമുണ്ട്. ടെലിവിഷൻ റിയാലിറ്റി ഷോകളുടെ വലിയൊരു സാധ്യതയുണ്ട്. ഞങ്ങളൊക്കെ പഠിക്കുന്ന സമയത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ അവസരമായിരുന്നു കലോത്സവ വേദികൾ. ഇതൊക്കെ ഉൾക്കൊണ്ടു കൊണ്ട് കഴിഞ്ഞ കുറേ കലോത്സവ വേദികളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അനാവശ്യ ഇടപെടലുകളും വിവാദങ്ങളും ഒഴിവാക്കണമെന്ന് അമ്പിളി ദേവി അഭിപ്രായപ്പെട്ടു.

രക്ഷിതാക്കൾ പരമാവധി സംയമനം പാലിക്കണമെന്നും വിധികർത്താക്കൾ അവരുടെ കർത്തവ്യ മേഖലയിൽ പരമാവധി നീതി പുലർത്തണമെന്നും അമ്പിളി ദേവി പറയുകയുണ്ടായി.പ്രശസ്‌തി മാത്രം മുന്നിൽകണ്ട് കലോത്സവവേദികളിൽ പങ്കെടുക്കുന്ന ഒരു വിഭാഗം കുട്ടികളുടെ പ്രവണത തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി അമ്പിളി ദേവി പറഞ്ഞു.

ACTRESS AMBILI DEVI (ETV Bharat)

കലാ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളിൽ പലരും അവരവതരിപ്പിക്കുന്ന കലാരൂപത്തെ ശാസ്ത്രീയമായി സമീപിച്ചിട്ടുണ്ടോ എന്ന് പോലും സംശയമാണ്. അത്തരത്തിലുള്ളവരുടെ യോഗ്യതയെ ചോദ്യം ചെയ്യാൻ ഞാൻ ആളല്ല എന്നും അമ്പിളി ദേവി വ്യക്തമാക്കി.

അമ്പിളി ദേവിയുടെ അഭിപ്രായത്തിൽ കലോത്സവവേദികൾ കഴിഞ്ഞ കുറച്ചു നാളുകളായി വളരെയധികം സെൻസിറ്റീവ് ആകുന്നുണ്ട്. " കലോത്സവ വേദികളിൽ മത്സരാർത്ഥികളുടെ രക്ഷിതാക്കളും വിധികർത്താക്കളും തമ്മിൽ സംഭവിക്കുന്ന പ്രശ്‌നങ്ങൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്. പക്ഷേ കഴിഞ്ഞ കുറച്ചു നാളുകളായി എന്തിനും ഏതിനും വിവാദം സംഭവിക്കുന്നുവെന്ന് തോന്നുന്നുണ്ട്. പല സംഭവവികാസങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി കലോത്സവ വേദികൾ സന്ദർശിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. എങ്കിലും ചില കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടതായി ഉണ്ട്.

വിധികർത്താക്കളുടെ ചില മാനദണ്ഡങ്ങൾ ഒന്നും ഒരിക്കലും അംഗീകരിക്കപ്പെടാൻ ആകുന്നതല്ല. മത്സരയിനത്തിൽ കുട്ടികൾ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളുടെ നിലവാരം നോക്കി പോലും വിധികർത്താക്കൾ മാർക്ക് നിർണയം നടത്താറുണ്ട്. ഒരു കുട്ടി ധരിച്ചിരിക്കുന്ന വസ്ത്രത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് കരുതി മാർക്ക് കുറയ്ക്കുന്നത് കലയോട് കാണിക്കുന്ന നീതികേടാണെന്നാണ് അമ്പിളി ദേവിയുടെ അഭിപ്രായം.

അര്‍ഹതയുള്ളവര്‍ മുന്നോട്ടു വരണം

നിസാരകാരണങ്ങൾ കൊണ്ടുതന്നെ സബ്‌ജില്ല, ജില്ലാതലത്തിൽ താഴയപ്പെടുന്ന ഒരുപാട് കുട്ടികൾ ഉണ്ട്. അർഹതയുള്ളവർ മുന്നോട്ടു വരണം. നിസാര കാരണങ്ങൾ ചൂണ്ടിക്കാണിച്ച് അർഹതയുള്ളവരെ ഈ കലോത്സവ വേദിയിൽ ഒരു കാരണവശാലും താഴെയരുത്. മികച്ച കലാകാരന്മാരും കലാകാരികളുമായ കുട്ടികൾ ജഡ്‌ജസിന്‍റെ മുടന്തൻ നിബന്ധനകൾ കാരണം മുന്നോട്ടുവരാൻ ആകാതെ കഷ്ടപ്പെടുന്നതായി എനിക്കറിയാം.

അർഹതയുള്ള കലാകാരന്മാർക്ക് മാത്രമേ 63ാമത് സംസ്ഥാന കലോത്സവത്തിൽ സ്ഥാനമുള്ളൂ എന്ന് എല്ലാവരും ചേർന്ന് ഒറ്റക്കെട്ടായി തീരുമാനമെടുക്കണം. അങ്ങനെയൊരു തീരുമാനമെടുക്കുകയാണെങ്കിൽ 63മത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദി യാതൊരുവിധ വിവാദങ്ങൾക്കും സാക്ഷിയാകില്ല.

അനാവശ്യമായ വിവാദം ഉണ്ടാക്കുന്നത് രക്ഷിതാക്കളായാലും ജഡ്‌ജസായാലും അവർക്കെതിരെ നടപടിയെടുക്കണമെന്നും അമ്പിളി ദേവി കൂട്ടിച്ചേർത്തു.

വിജയപരാജയങ്ങൾ ജീവിതത്തിന്‍റെ ഭാഗമാണ്. ഏതൊരു മേഖലയിലും വിജയവും ഉണ്ട് പരാജയവും ഉണ്ട്. അത് ഉൾക്കൊള്ളാൻ കുട്ടികളെ രക്ഷിതാക്കളാണ് സജ്ജരാക്കേണ്ടതെന്ന് അമ്പിളി ദേവി അഭിപ്രായപ്പെട്ടു. ഒരു മത്സരത്തിൽ പങ്കെടുക്കുമ്പോൾ എല്ലാവർക്കും ഒന്നാം സമ്മാനം കിട്ടുക എന്നുള്ളത് സാധ്യമായ കാര്യമല്ല. നമ്മളെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരാൾക്ക് ഒന്നാം സമ്മാനം ലഭിച്ചാൽ അതോർത്ത് സങ്കടപ്പെടാതെ നിരാശരാകാതെ പരാജയത്തെ ഉൾക്കൊള്ളാൻ കൂടി രക്ഷിതാക്കൾ നമ്മുടെ കുട്ടികളെ പഠിപ്പിക്കണം.

ഞാൻ നിരവധി കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്. അവരോട് ഞാൻ ഉപദേശിക്കുന്നത് ഇപ്രകാരമാണ്. സ്‌കൂള്‍ കലോത്സവമായാലും ഏതെങ്കിലും ഒരു സാധാരണ വേദി ആയാലും അതൊരു അവസരമാണ്. നിങ്ങളുടെ കഴിവുകളെ പരമാവധി പ്രകടിപ്പിക്കുവാൻ സാധിക്കുന്ന ഒരു വേദി. അങ്ങനെ മാത്രം കരുതുക. അംഗീകാരങ്ങളും സമ്മാനങ്ങളും രണ്ടാമത്തെ ഘടകമായി മാത്രം കരുതുക. വർഷങ്ങളായി നിങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുന്ന ഒരു കല മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കാൻ ലഭിക്കുന്ന ഒരു അവസരം മുതലെടുക്കുക. അഞ്ചു മിനിട്ടോ 10 മിനിട്ടോ ആ സമയത്തിനുള്ളിൽ ആത്മസംതൃപ്‌തിയോടുകൂടി പ്രകടനം കാഴ്‌ചവയ്ക്കുക. അതാണ് യഥാർത്ഥ വിജയം. അമ്പിളി ദേവി വ്യക്തമാക്കി.

നവ്യയ്ക്ക് പിണക്കമില്ല

ഒന്നാം ക്ലാസ് മുതൽക്കുതന്നെ കലോത്സവത്തിൽ പങ്കെടുത്തതായി അമ്പിളി ദേവി പറഞ്ഞു. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സബ്‌ജില്ലാ തലത്തിൽ കലാതിലകം ആകുന്നത്. തുടർന്ന് തൊട്ടടുത്ത വർഷം മൂന്നാം ക്ലാസിൽ ജില്ലാതലത്തിൽ കലാതിലകം ആകുന്നു. സംസ്ഥാന കലോത്സവത്തിൽ കലാതിലകം ആകുന്നത് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്. സംസ്ഥാനതലത്തിൽ ഞാൻ കലാതിലകം ആയത് 2001 ൽ ആയിരുന്നു. അതിനുശേഷം ഉള്ള എല്ലാ കലോത്സവത്തിനും എന്‍റെ കലാതിലക പട്ടത്തെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടായിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2001ൽ പിൽക്കാലത്ത് പ്രശസ്‌ത നടിയായി മാറിയ നവ്യാനായരെ പിന്തള്ളിയാണ് ഞാൻ കലാതിലകം ആകുന്നത്. കലാതിലകം നഷ്ടപ്പെട്ട സങ്കടത്തിൽ നവ്യാനായർ നിറകണ്ണുകളോടെ മാധ്യമങ്ങളോട് സംസാരിച്ചത് അക്കാലത്ത് വലിയ വാർത്തയായിരുന്നു. തൊട്ടടുത്ത വർഷം തന്നെ നവ്യാ നായർ 'നന്ദനം' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിലെ വിലപിടിപ്പുള്ള ഒരു നായികയായി മാറി. സ്വാഭാവികമായും 2001ലെ കലാതിലകം നഷ്‌ടപ്പെട്ട നവ്യയുടെ വാക്കുകൾ പിന്നീടുള്ള വർഷങ്ങളിൽ മാധ്യമങ്ങൾ ചർച്ചയാക്കി. അമ്പിളി ദേവി തുടർന്നു.

ACTRESS AMBILI DEVI (ETV Bharat)

2001ൽ കലാതിലകം അല്ലെങ്കിൽ കലാപ്രതിഭ ആകുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ടായിരുന്നു. നൃത്ത ഇനത്തിനു പുറമേ നൃത്തേതര ഇനത്തിനും മത്സരാർത്ഥിക്ക് ഒന്നാം സമ്മാനം ലഭിക്കണം. ഒന്നിലധികം വിജയികൾ ഉണ്ടെങ്കിൽ മാർക്കിന്‍റെ അടിസ്ഥാനത്തിൽ ആകും വിജയിയെ നിശ്ചയിക്കുക. ഭരതനാട്യം, കുച്ചുപ്പുടി, കേരള നടനം തുടങ്ങിയ ഇനങ്ങളിൽ എനിക്ക് ഒന്നാം സമ്മാനം ഉണ്ടായിരുന്നു. നൃത്തേതര ഇനമായ മോണോ ആക്ടിൽ വിജയിച്ചതുകൊണ്ടാണ് എന്നെ അന്ന് കലാതിലകമായി പ്രഖ്യാപിച്ചത്. അതുകൊണ്ടാണ് നവ്യയ്ക്ക് അവസരം നഷ്ടപ്പെട്ടതും. അമ്പിളി ദേവി വിശദമാക്കി.

പിൽക്കാലത്ത് ഞങ്ങൾ രണ്ടുപേരും കലോത്സവത്തിന്‍റെ പിൻബലത്തോടുകൂടി തന്നെയാണ് സിനിമാ മേഖലയിലേക്ക് വന്നത്. കലാതിലക പട്ടം സമ്മാനിച്ചത് വിനയൻ സാറിന്‍റെ 'മീരയുടെ ദുഃഖവും മുത്തുവിന്‍റെ സ്വപ്‌നവും' എന്ന ചിത്രത്തിലെ നായിക പ്രാധാന്യമുള്ള വേഷമായിരുന്നു. എല്ലാവരും ചോദിക്കും നവ്യയെ പിന്നീട് കണ്ടപ്പോൾ എന്തെങ്കിലും പ്രശ്‌നമുണ്ടായോ എന്ന്? അല്ലെങ്കിൽ നവ്യ നഷ്‌ടബോധത്തിൽ എന്നെങ്കിലും സംസാരിച്ചോ എന്ന്? ഒരിക്കലുമില്ല എന്നു തന്നെയാണ് എന്‍റെ മറുപടി.

ACTRESS AMBILI DEVI (ETV Bharat)

ഞങ്ങൾ പിന്നീട് നേരിൽ കണ്ടപ്പോൾ അതിനെക്കുറിച്ച് സംസാരിച്ചിട്ട് കൂടി ഇല്ല. ആ സംഭവങ്ങളൊക്കെ അപ്പോൾ കഴിഞ്ഞു. അതൊരു ചർച്ചാവിഷയമായി കൊണ്ടുനടക്കുന്നവർ ആഘോഷിക്കട്ടെ. അമ്പിളി ദേവി പറഞ്ഞു. നവ്യക്ക് കലാതിലക പട്ടം നഷ്‌ടമായതിൽ പിന്നീട് നിരാശാബോധം ഉള്ളതായി എനിക്കറിയില്ല.

അവർ അവരുടെ പ്രൊഫഷണനിൽ കോൺസെൻട്രേറ്റ് ചെയ്‌തു. ഇപ്പോൾ അവർ നൃത്തത്തിൽ കുറച്ചുകൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡാൻസ് സ്‌കൂള്‍ ഒക്കെ ആരംഭിച്ചു. അത് അങ്ങനെ ആകണമല്ലോ. നഷ്‌ട ബോധത്തിൽ ജീവിക്കുന്നവർ പരാജയത്തിന്‍റെ പടുകുഴിയിലേക്ക് എപ്പോഴും വീണുകൊണ്ടിരിക്കും. അല്ലാത്തവർ വിജയത്തിന്‍റെ പടിക്കെട്ടുകൾ കയറിക്കൊണ്ടിരിക്കും. അമ്പിളി ദേവി പറഞ്ഞു.

മത്സരബുദ്ധിയോട് നോ

കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്. ചെറിയ രീതിയിൽ ഒരു ഡാൻസ് സ്‌കൂള്‍ നടത്തുന്നു. മത്സരബുദ്ധിയോട് കൂടി കലാ മേഖലയെ സമീപിക്കുന്നത് തനിക്ക് ഇഷ്‌ടമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ ഒരു മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി ആരെയും നൃത്തം അഭ്യസിപ്പിക്കാറില്ല. കുറച്ചു കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. അതുതന്നെ അവരുടെ രക്ഷിതാക്കൾ ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടാണ്.

ACTRESS AMBILI DEVI (ETV Bharat)

കലയെ ഒരിക്കലും മത്സരബുദ്ധിയോടു കൂടി കാണേണ്ട കാര്യമല്ല എന്ന് താൻ വിശ്വസിക്കുന്നതായി അമ്പിളി ദേവി വ്യക്തമാക്കി. അതുകൊണ്ടുതന്നെ 63മത് സംസ്ഥാന കലോത്സവത്തിൽ ഞാൻ നൃത്തം അഭ്യസിപ്പിച്ച കുട്ടികൾ ആരും തന്നെ പങ്കെടുക്കുന്നില്ല എന്ന് അമ്പിളി ദേവി വ്യക്തമാക്കി. സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ കുട്ടികൾ ആത്മാർത്ഥതയോടെ അവരുടെ പരമാവധി കഴിവുകൾ പുറത്തെടുക്കാൻ സാധിക്കട്ടെ എന്ന് അമ്പിളി ദേവി ആശംസിച്ചു.

Also Read:സ്‌കൂള്‍ കലോത്സവം; കലാപ്രകടനങ്ങൾ കാഴ്‌ചവയ്ക്കാനുള്ള വേദിയാണ് വഴക്കുണ്ടാക്കാനുള്ളതല്ല- വിനീത് കുമാര്‍

Last Updated : Jan 3, 2025, 3:48 PM IST

ABOUT THE AUTHOR

...view details