ന്യൂഡൽഹി :ഉപഭോക്തൃ കേസുകളില്‍രാജ്യത്തുടനീളമുള്ള പൗരന്‍മാര്‍ക്ക് കോടതിയിൽ പോകുന്നതിന് മുമ്പ് പരാതികൾ സമർപ്പിക്കാനായി ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ (എൻസിഎച്ച്) നവീകരിച്ചതായി കേന്ദ്ര മന്ത്രി. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം സഹ മന്ത്രി ബി എൽ വർമ്മയാണ് ഇക്കാര്യം ലോക്‌സഭയിൽ അറിയിച്ചത്. നവീകരിച്ച എൻസിഎച്ച് (നാഷണല്‍ കന്‍സ്യൂമര്‍ ഹെല്‍പ്പ്ലൈന്‍) രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ആക്‌സസ് ചെയ്യാവുന്നതും ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി 17 ഭാഷകളില്‍ ലഭ്യവുമാണ്.
പരാതി നല്‍കാനായി 1915 എന്ന ടോൾ ഫ്രീ നമ്പരിലേക്ക് വിളിക്കാം. അല്ലെങ്കിൽ വാട്‌സ്ആപ്പ്, എസ്എംഎസ്, ഇ-മെയിൽ, എന്‍സിഎച്ച് ആപ്പ്, വെബ് പോർട്ടൽ, ഉമങ്ക് ആപ്പ് എന്നിങ്ങനെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ പരാതികൾ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ ഷോപ്പിങ്, ബാങ്കിങ്, ഇലക്ട്രോണിക്‌സ്, കൺസ്യൂമർ ഗുഡ്‌സ്, ഡിജിറ്റൽ പേമെൻ്റുകൾ, ടെലികോം സേവനങ്ങൾ, നിയമപരമായ കാര്യങ്ങൾ, റീട്ടെയിൽ സ്റ്റോറുകൾ, ഇന്‍റർനെറ്റ് സേവനങ്ങൾ എന്നിങ്ങനെ വിവിധ മേഖലയിൽ നിന്നുള്ള പരാതികൾ എന്‍സിഎച്ച് കൈകാര്യം ചെയ്യുന്നുണ്ട്.