എറണാകുളം :കേരളം വ്യവസായ സൗഹൃദമായി മാറിയെന്നും മറിച്ചുള്ള പ്രചാരണങ്ങളിൽ മാറ്റം വരികയാണെന്നും മന്ത്രി പി.രാജീവ്. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന മെഷിനറി എക്‌സ്‌പോ കാക്കനാട് കിന്‍ഫ്ര ഇന്‍റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ സംരംഭകര്‍ കേരളത്തിന്‍റെ അംബാസഡര്‍മാരാകണമെന്ന് വ്യവസായ മന്ത്രി ആവശ്യപ്പെട്ടു. മികച്ച വ്യാവസായിക അന്തരീക്ഷമാണ് കേരളത്തില്‍ സംജാതമായിട്ടുള്ളത്.
സംസ്ഥാന വ്യവസായ മേഖലയില്‍ മറ്റിടങ്ങളിലെ പോലെ കലുഷിത പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. പ്രതിലോമപരമായ വാര്‍ത്താപ്രചാരണ രീതിയിലും മാറ്റംവരുത്താന്‍ നിര്‍ബന്ധിതരാകുന്നത് വളരെ പോസിറ്റീവായ സൂചനയാണ്. സ്വന്തം വേദിയില്‍ നടക്കുന്ന എക്‌സ്‌പോയില്‍ കേരളത്തിന്‍റെ വ്യാവസായിക വളര്‍ച്ചയുടെ പ്രത്യക്ഷ സാക്ഷ്യങ്ങള്‍ ദൃശ്യമാണ്. സംസ്ഥാനത്തെ രണ്ട് സംരംഭക വര്‍ഷങ്ങളും വിജയമായി. വ്യവസായ മേഖലയിലെ ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞതും സംരംഭക സമൂഹത്തിന് ആത്മവിശ്വാസം പകരുന്നതായി.
സംസ്ഥാനത്തെ സ്ഥലപരിമിതി എന്ന യാഥാര്‍ഥ്യം കണക്കിലെടുക്കണം. എന്നാല്‍ വൈദഗ്ധ്യ നൈപുണിയിലെ മികവ് ആധാരമാക്കാനാകുന്ന വ്യവസായങ്ങള്‍ നടപ്പാക്കുന്നത് ലോകതലത്തില്‍ കേരളത്തെ ശ്രദ്ധേയമാക്കും. എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍, ലോജിസ്റ്റിക്‌സ്, എന്‍വയണ്‍മെന്‍റല്‍ -സോഷ്യല്‍ ഗവേണന്‍സ് പോളിസികള്‍ എന്നിവ അടുത്തമാസം ആദ്യത്തോടെ മന്ത്രിസഭാ അംഗീകാരത്തോടെ പ്രസിദ്ധപ്പെടുത്താനാകുമെന്നാണ് കരുതുന്നത്.
നിലവില്‍ 7.5 ഏക്കറിലുള്ള കിന്‍ഫ്ര ഇന്‍റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്‍റര്‍ അഞ്ചേക്കര്‍ കൂടി വികസിപ്പിക്കുന്നത് ആലോചിക്കുകയാണ്. ജൂലൈയില്‍ കൊച്ചിയില്‍ എഐ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു. ഈ മാസം 13 വരെ തുടരുന്ന എക്‌സ്‌പോയില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് ഏഴുവരെ പ്രദര്‍ശനം സൗജന്യമായി കാണാം. 166 സ്റ്റാളുകളിലായി രാജ്യത്തെ നൂറിലേറെ പ്രമുഖ മെഷീന്‍ നിര്‍മ്മാണ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന അതിനൂതന മെഷീനുകളുടെ പ്രദര്‍ശനവും ലൈവ് ഡെമോയും മെഷീനറി നിര്‍മ്മാതാക്കളുമായി ആശയവിനിമയവും ഒരുക്കിയിട്ടുണ്ട്.
ഹെവി മെഷീനറികള്‍ക്കായി 5000 സ്‌ക്വയര്‍ ഫീറ്റ് വിസ്‌തൃതിയില്‍ 6 ഡോമുകളായി സജ്ജീകരിച്ച വേദിയില്‍ പ്രദര്‍ശനം സെക്റ്റര്‍ അടിസ്ഥാനത്തിലാണ്. വിവിധ മേഖലകളിലെ നൂതന സാങ്കേതിക വിദ്യയും യന്ത്രങ്ങളും സംരംഭകര്‍ക്ക് ഗുണകരമാകുംവിധം അവതരിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം. സംസ്ഥാനത്തിന്‍റെ വികസനത്തിനായി പ്രായോഗികമായി ഏറ്റെടുക്കാന്‍ കഴിയുന്ന കാര്‍ഷിക ഭക്ഷ്യ സംസ്‌കരണം, ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ്, ജനറല്‍ എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളിലെ മെഷിനറികള്‍, നൂതന പാക്കിങ് മെഷിനറികള്‍ എന്നിവ ഉള്‍പ്പടെയുള്ള യന്ത്രസാമഗ്രികള്‍ മേളയില്‍ പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്.
വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളുമായി ഫുഡ് കോര്‍ട്ടുകളും എക്‌സ്‌പോയിലുണ്ട്.അത്യാധുനിക കിന്‍ഫ്ര ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ സെന്‍ററിലെ പ്രഥമ പ്രദര്‍ശനമായാണ് മെഷീനറി എക്‌സ്‌പോ സംഘടിപ്പിച്ചതെന്ന പ്രത്യേകതയും ഈ വ്യാവസായിക പ്രദർശനത്തിനുണ്ട്.