ന്യൂഡല്‍ഹി:ലക്ഷദ്വീപിലേക്കുള്ള എയർ കണക്റ്റിവിറ്റി വർധിപ്പിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. മാർച്ച് 31 മുതൽ ബെംഗളൂരുവില്‍ നിന്ന് ലക്ഷദ്വീപിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഉണ്ടാകുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചു. ബെംഗളൂരുവിനും അഗത്തിക്കുമിടയിൽ നേരിട്ടുള്ള വിമാന സര്‍വീസാണ് ഇന്‍ഡിഗോ പ്രഖ്യാപിച്ചത് (IndiGo announced a direct flight between Bengaluru and Agatti).
ഇൻഡിഗോ നെറ്റ്‌വർക്കിലെ 88-ാമത്തെ ആഭ്യന്തര സര്‍വീസും, മൊത്തത്തിലുള്ള 121-ാമത്തെ സര്‍വീസുമാണ് അഗത്തി. മാർച്ച് 31 മുതൽ ബെംഗളൂരുവിനും അഗത്തിക്കുമിടയിൽ സർവീസ് ആരംഭിക്കുമെന്ന് എയർലൈൻസ് പ്രസ്‌താവനയിലൂടെ അറിയിച്ചു. 78 സീറ്റുകളുള്ള എടിആർ വിമാനമാണ് ഇൻഡിഗോ ഈ റൂട്ടില്‍ ഉപയോഗിക്കുന്നത്.
ആഴക്കടൽ മത്സ്യബന്ധനം, സ്‌കൂബ ഡൈവിങ്ങ്, കപ്പലോട്ടം, സ്‌കീയിങ്ങ്, കയാക്കിങ്ങ് എന്നിവ ആഗ്രഹിക്കുന്നവർക്കിടയിൽ അഗത്തി ജനപ്രിയമായ ഇടമാണെന്ന് ഇൻഡിഗോ പറഞ്ഞു. ജനവാസമില്ലാത്തതും ശാന്തവുമായ ബംഗാരം, പിട്ടി, തിണ്ണകര, പരാളി-I, പറളി-II എന്നീ ദ്വീപുകൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള അനുയോജ്യമായ ഒരു താവളമായും ഈ ദ്വീപ് പ്രവർത്തിക്കുന്നു.
Also Read: വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍; എയര്‍ബസിന്‍റെ 500 വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി ഇന്‍ഡിഗോ
പ്രതിദിനം 2,000-ലധികം വിമാന സര്‍വീസുകളാണ് ഇൻഡിഗോ നടത്തുന്നത്. നിലവിൽ അലയൻസ് എയറിന് മാത്രമേ അഗത്തിയിലേക്ക് സർവീസ് ഉള്ളൂ. അതേസമയം പ്രാദേശിക കാരിയർ FLY91 ഏപ്രിലിൽ ഇവിടേക്ക് സർവീസ് ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്.