ഹൈദരാബാദ് :സ്വിഗ്ഗിയിൽ ഏറ്റവും കൂടുതൽ വെജിറ്റേറിയൻ ഭക്ഷണം ഓർഡര്‍ ചെയ്യപ്പെട്ട ഇന്ത്യയിലെ ആദ്യ മൂന്ന് നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി ഹൈദരാബാദ്. ബുധനാഴ്‌ച (ജൂലൈ 31) ആണ് കമ്പനി ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഒന്നും രണ്ടും സ്ഥാനങ്ങളിൽ ബെംഗളൂരുവും മുംബൈയുമാണ്.
റിപ്പോർട്ട് പറയുന്നത് പ്രകാരം, ഇന്ത്യയിലെ വെജിറ്റേറിയൻ ഓർഡറുകളിൽ മൂന്നിൽ ഒരെണ്ണം എപ്പോഴും ബെംഗളൂരുവിൽ നിന്നാണ്. കന്നഡിഗർക്ക് ഏറ്റവും പ്രിയം മസാല ദോശ, പനീർ ബിരിയാണി, പനീർ ബട്ടർ മസാല എന്നിവയാണ്. എന്നാൽ മുംബൈക്കാർക്ക് പ്രിയം ഇവയോടൊന്നുമല്ല. ദാൽ കിച്‌ഡി, മാർഗരിറ്റ പിസ്സ, പാവ് ബജി എന്നിവയോടാണ് കമ്പം. മൂന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് ആകട്ടെ, മസാല ദോശയ്ക്കും ഇഡ്‌ലിക്കും പിന്നാലെയാണ്.
രാജ്യത്തെ മികച്ച വെജിറ്റേറിയൻ റെസ്റ്റോറൻ്റുകളെ ആദരിക്കുന്ന ഗ്രീൻ ഡോട്ട് അവാർഡിന് തുടക്കമിട്ടുകൊണ്ടുളള പ്രഖ്യാപനത്തിനൊപ്പമാണ് സ്വിഗ്ഗി ഈ റിപ്പോർട്ടും പങ്കുവച്ചത്. വെജിറ്റേറിയൻ റെസ്റ്റോറൻ്റുകളെയും വിഭവങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് സ്വിഗ്ഗി ഈ "ഗ്രീൻ ഡോട്ട്" അവാർഡിന് തുടക്കമിട്ടത്.