ന്യൂഡല്‍ഹി: ഇന്ത്യയിലെ മികച്ച കമ്പനികള്‍ അടുത്ത ജൂണില്‍ കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യും. രാജ്യത്തെ 36 ശതമാനം കമ്പനികളും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ കൂടുതല്‍ ജീവനക്കാരെ കമ്പനികളിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. വരുന്ന ഏപ്രില്‍- ജൂണ്‍ കാലയളവില്‍ രാജ്യത്തെ 50 ശതമാനം തൊഴിലുടമകളുടെയും ശമ്പളത്തില്‍ വര്‍ധനവുണ്ടാകും.
ഇന്ത്യയില്‍ പ്രതിഭാശാലികളായ ജീവനക്കാരുടെ അഭാവം തൊഴിലുടമകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയതായി നേരത്തെ മാൻപവർ ഗ്രൂപ്പ് എംപ്ലോയ്‌മെൻ്റ് ഔട്ട്‌ലുക്ക് സർവേയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ ശമ്പളത്തില്‍ വര്‍ധനവിനും അതോടൊപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനും ഇന്ത്യയില്‍ നീക്കങ്ങള്‍ നടക്കുന്നത്. 80 ശതമാനം പ്രതിഭകളുടെ കുറവാണ് രാജ്യത്തുള്ളത്. എന്നാല്‍ തൊഴിലവസരങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ഉള്ളതെന്നാണ് മാൻപവർ ഗ്രൂപ്പ് എംപ്ലോയ്‌മെൻ്റ് ഔട്ട്‌ലുക്ക് സർവേയിലെ കണ്ടെത്തല്‍.
2023 ഏപ്രില്‍ -ജൂണ്‍ കാലയളവില്‍ ഇന്ത്യയിലെ തൊഴിലവസരങ്ങള്‍ 6 ശതമാനം വര്‍ധിച്ചിരുന്നു. എന്നാലിത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനം കുറവാണ്. ഇന്ത്യയിലാണ് ഏറ്റവും ഉയര്‍ന്ന തൊഴിലവസര സാധ്യയുള്ളത്. 36 ശതമാനം തൊഴിലവസരമാണ് ഇന്ത്യയിലുള്ളത്. അതേസമയം യുഎസില്‍ 34 ശതമാനവും ചൈനയില്‍ 32 ശതമാനവുമാണുള്ളതെന്നാണ് സര്‍വേയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കുറവ് തൊഴിലവസരമുള്ളയിടം റൊമാനിയയാണ്.