ന്യൂഡൽഹി: ഗൃഹോപകരണങ്ങളും സോപ്പുകളും മുതൽ റിയൽ എസ്റ്റേറ്റ് വരെ വ്യാപിച്ചുകിടക്കുന്ന 127 വർഷത്തെ പാരമ്പര്യമുള്ള ഗോദ്‌റെജ് ഗ്രൂപ്പ് പിരിഞ്ഞു. ഗോദ്‌റെജിന്‍റെ സ്ഥാപക കുടുംബം, ആദി ഗോദ്‌റെജും സഹോദരൻ നാദിറും ചേർന്നാകും ഇനി ഗോദ്‌റെജ് ഇൻഡസ്ട്രീസും അനുബന്ധമായ അഞ്ച് കമ്പനിയും ഇനി നടത്തുക.
ഇവരുടെ കസിൻസായ ജംഷിദിനും സ്‌മിതയ്ക്കും ഗോദ്‌റെജ് & ബോയ്‌സും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളും വിഭജിച്ച് നല്‍കി. മുംബൈയിലെ പ്രധാന സ്വത്ത് ഉൾപ്പെടെ ഒരു ലാൻഡ് ബാങ്കും ഇതില്‍ ഉള്‍പ്പെടുമെന്ന് കമ്പനി അറിയിച്ചു.
പ്രതിരോധം, ഫർണിച്ചർ, ഐടി സോഫ്‌റ്റ്‌വെയർ, എയ്‌റോസ്‌പേസ്, വ്യോമയാന മേഖലകള്‍ എന്നിവയില്‍ വ്യാപിച്ചു കിടക്കുന്ന ഒന്നിലധികം വ്യവസായങ്ങളിൽ സാന്നിധ്യമുള്ള ഗോദ്‌റെജ് & ബോയ്‌സും അനുബന്ധ സ്ഥാപനങ്ങളും അടങ്ങുന്ന ഗോദ്‌റെജ് എന്‍റർപ്രൈസസ് ഗ്രൂപ്പ്, ചെയർപേഴ്‌സണും മാനേജിങ് ഡയറക്‌ടറുമായ ജംഷിദ് ഗോദ്‌റെജ് നിയന്ത്രിക്കും. അദ്ദേഹത്തിന്‍റെ സഹോദരി സ്‌മിതയുടെ മകൾ നൈരിക ഹോൾക്കർ (42) എക്‌സിക്യൂട്ടീവ് ഡയറക്‌ടറാകും. മുംബൈയിലെ 3,400 ഏക്കർ പ്രൈം ലാൻഡ് ഉൾപ്പെടെയുള്ള ലാൻഡ് ബാങ്കും കുടുംബം നിയന്ത്രിക്കും.
ഗോദ്‌റെജ് ഇൻഡസ്‌ട്രീസ്, ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, ഗോദ്‌റെജ് അഗ്രോവെറ്റ്, ആസ്‌ടെക് ലൈഫ് സയൻസസ് എന്നിവ ഉൾപ്പെടുന്ന, ലിസ്റ്റ് ചെയ്‌ത കമ്പനികൾ നാദിർ ഗോദ്‌റെജ് ചെയർപേഴ്‌സണായി, ആദിയും നാദിറും അവരുടെ അടുത്ത കുടുംബങ്ങളും നിയന്ത്രിക്കും.