കേരളം

kerala

ETV Bharat / business

നേന്ത്രക്കായയ്‌ക്ക് വിലയിടിവ്; കർഷകർ പ്രതിസന്ധിയിൽ - നേന്ത്രക്കായ വിലയിടിവ്

നേന്ത്രക്കായയ്‌ക്ക് വിപണിയിൽ വിലയിടിഞ്ഞതോടെ പ്രതിസന്ധിയിലായി വാഴകര്‍ഷകര്‍. വില ഉയരേണ്ട സമയമായിട്ടും ഗണ്യമായി കുറയുന്ന സാഹചര്യമാണ് നിലവിൽ.

Banana Price decreased  Banana Farmer crisis  നേന്ത്രക്കായ വിലയിടിവ്  വാഴകൃഷി
Banana Price decreased in Kozhikode

By ETV Bharat Kerala Team

Published : Jan 27, 2024, 5:13 PM IST

കർഷകരുടെ പ്രതികരണം

കോഴിക്കോട്: നേന്ത്രവാഴക്കുലയുടെ വില ഗണ്യമായി കുറഞ്ഞതോടെ (Banana Price decreased) പ്രതിസന്ധിയിലായി കർഷകർ. കഴിഞ്ഞ ഒരു മാസത്തിലേറെയായി വിപണിയിൽ നേന്ത്രക്കായയുടെ വില വൻ തോതിലാണ് ഇടിഞ്ഞത്. മഴക്കാലം കഴിഞ്ഞ് വേനൽ എത്തിയതോടെ വിപണിയിൽ നേന്ത്രക്കുലയുടെ ഡിമാൻ്റും വിലയും ഉയരേണ്ട സമയമാണ്.

എന്നാൽ, വില ഉയരുന്നില്ല എന്ന് മാത്രമല്ല സാധാരണ വില കുറയുന്നതിൽ നിന്നും വ്യത്യസ്‌തമായി വലിയ തോതിലാണ് ഇത്തവണ വിലയിടിഞ്ഞത്. വെട്ടിയെടുത്ത നേന്ത്രവാഴക്കുലകൾ വിപണിയിൽ എത്തിക്കുന്ന കർഷകർക്ക് ഇപ്പോൾ 20 രൂപ മാത്രമാണ് ഒരു കിലോ നേന്ത്രക്കായയ്‌ക്ക് ലഭിക്കുന്നത്.

നേന്ത്രവാഴ കൃഷി ചെയ്യുന്ന കർഷകനെ സംബന്ധിച്ച് ഇത് വൻ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും നേന്ത്രക്കുലകൾ കൂടുതൽ എത്തിയതാണ് വിലയിടിയാൻ കാരണമായി പറയുന്നത്.
ഒരു നേന്ത്രവാഴ കന്നുവച്ച് വിളവെടുക്കുന്നത് വരെ കർഷകന് 250 രൂപയോളം ചിലവ് വരും.

കൂടാതെ, അതുവരെയുള്ള കർഷകരുടെ അധ്വാനം വേറെയും വരും. കോഴിക്കോട് ജില്ലയിൽ ഏറെ വാഴ കർഷകരുള്ള മാവൂർ, ചാത്തമംഗലം, പെരുവയൽ പഞ്ചായത്തുകളിലെ കർഷകരാണ്
വിലയിടിഞ്ഞതോടെ വാഴ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിൽ എത്തിയത്.

ഏതാനും വർഷങ്ങളായി കാലാവസ്ഥ വ്യതിയാനത്തിലും കനത്ത കാറ്റിലും മഴയിലും നിരവധി കർഷകരുടെ വാഴകൃഷി നശിച്ചിരുന്നു. അന്നൊക്കെ ഉണ്ടായ നഷ്‌ടം നികത്താം എന്ന പ്രതീക്ഷയിലാണ് ഇത്തവണ കർഷകർ വാഴകൃഷി ചെയ്‌തത്. ബാങ്ക് ലോണും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും വലിയ പലിശയ്ക്ക് കടമെടുത്തുമാണ് മിക്ക നേന്ത്രവാഴ കർഷകരും കൃഷിയിറക്കിയത്.

പ്രതീക്ഷിച്ചതിലും മികച്ച വിളവ് ഓരോ കർഷകർക്കും ലഭിച്ചെങ്കിലും വാഴക്കുലകൾ വെട്ടി വിൽക്കുന്ന സമയത്ത്
മുടക്ക് മുതൽ പോലും തിരികെ ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. നേന്ത്രവാഴ കർഷകർക്ക് ആശ്വാസമാകുന്ന വിധത്തിൽ വിപണിയിലെ വില നിയന്ത്രിച്ചില്ലെങ്കിൽ നേന്ത്രവാഴ കർഷകർ വലിയ കടക്കണിയിൽ ആവും. അതുകൊണ്ടുതന്നെ സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

ABOUT THE AUTHOR

...view details