കേരളം

kerala

ETV Bharat / business

ബാലഗോപാലിന്‍റെ ബജറ്റ് കഴിഞ്ഞു; ആശങ്കയൊഴിയാതെ ജീവനക്കാരും സാധാരണക്കാരും - CONCERNS OVER KERALA BUDGET

ശമ്പള പരിഷ്‌കരണ കമ്മീഷൻ, പങ്കാളിത്ത പെൻഷൻ, ലീവ് സറണ്ടർ, സാമൂഹ്യ ക്ഷേമ പെന്‍ഷൻ വർധന എന്നിവയിൽ പ്രഖ്യാപനങ്ങളില്ല. ഭൂനികുതിയിലും കോടതി ഫീസ് വര്‍ധനവിലും അവ്യക്തതകള്‍

KERALA STATE BUDGET 2025  ബജറ്റ് ആശങ്കകൾ  K N BALAGOPAL
Graphics Thumbnail (ETV Bharat)

By ETV Bharat Kerala Team

Published : Feb 7, 2025, 1:17 PM IST

തിരുവനന്തപുരം: പ്രതീക്ഷകളോടെയാണ് കേരളം രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് പ്രസംഗം കേള്‍ക്കാനിരുന്നത്. എന്നാല്‍ ബജറ്റവതരണം പൂര്‍ത്തിയാകുമ്പോള്‍ ബാക്കിയാകുന്ന ആശങ്കകള്‍ പലതാണ്. സഹായം പ്രതീക്ഷിച്ച സാധാരണക്കാരും സര്‍ക്കാര്‍ ജീവനക്കാരും ഒരു പോലെ അസംതൃപ്തിയിലാണ്.

ജീവനക്കാരുടെ ആശങ്കകള്‍ ഇങ്ങിനെ

സര്‍ക്കാര്‍ ജീവനക്കാരില്‍ വലിയൊരു വിഭാഗം പ്രതീക്ഷിച്ചത് പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ഉടന്‍ ഉണ്ടാകുമെന്ന സൂചന ബജറ്റില്‍ നല്‍കുമെന്നായിരുന്നു പ്രതീക്ഷ.എന്നാല്‍ ബജറ്റ് പ്രസംഗത്തില്‍ ആ പ്രഖ്യാപനം ഉണ്ടായില്ല. പകരം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ നല്‍കുമെന്ന പ്രഖ്യാപനമാണ് ധനമന്ത്രി നടത്തിയത്. നേരത്തേ പ്രഖ്യാപിച്ച ഡി എ കുടിശ്ശികയുടെ ലോക്ക് പിര്യേഡ് എടുത്തു കളഞ്ഞെങ്കിലും കുടിശ്ശിക ഫലത്തില്‍ ലഭ്യമാകുമോയെന്ന ആശങ്ക ജീവനക്കാരിലുണ്ട്. പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി 2025-26 ല്‍ നടപ്പിലാക്കും എന്നതാണ് ധന മന്ത്രിയുടെ മറ്റൊരു പ്രഖ്യാപനം. എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുന്ന പ്രഖ്യാപനം നടത്താന്‍ മന്ത്രി തയാറാവാത്തത് ജീവനക്കാരില്‍ ആശങ്ക വളര്‍ത്തുന്നു. ലീവ് സറണ്ടറിന്‍റെ കാര്യത്തിലും പ്രഖ്യാപനമില്ലാത്തതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അസംതൃപ്‌തരാണ്.

കരുതലിന് കൈത്താങ്ങ് ഉയര്‍ത്തിയില്ല

സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ 100മുതല്‍ 200 രൂപ വരെയെങ്കിലും വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷയും കേരളത്തിനുണ്ടായിരുന്നു. നിലവില്‍ 1600 രൂപയുള്ള സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ 2026 ആകുമ്പോള്‍ 2500 രൂപയാക്കുമെന്ന് ഇടതു മുന്നണി പ്രകടന പത്രിക വാഗാദാനം ചെയ്‌തിരുന്നു. എന്നാല്‍ കെ എന്‍ ബാലഗോപാലിന്‍റെ അഞ്ചാം ബജറ്റില്‍ ആ പ്രഖ്യാപനം ഉണ്ടായില്ല.

അധിക വിഭവ സമാഹരണത്തിന് സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗങ്ങള്‍ പലതും വിമര്‍ശന വിധേയമാകുന്നതാണ്.

ഭൂനികുതിയിലെ ആശങ്കകള്‍

ഭൂനികുതി 50 ശതമാനം കൂട്ടിയത് അധിക വിഭവ സമാഹരണത്തിനാണെന്നാണ് ധനമന്ത്രി നല്‍കുന്ന വിശദീകരണമെങ്കിലും ഇതിലൂടെ സമാഹരിക്കാവുന്ന അധിക വരുമാനം വെറും 100 കോടിയാണെന്നതാണ് വസ്‌തുത. 8.1 ആര്‍ വരെ വിസ്‌തീര്‍ണമുള്ള പ്രദേശത്തിന് അടിസ്ഥാന ഭൂനികുതിനിരക്ക് പഞ്ചായത്തു പരിധിയില്‍ പ്രതി വര്‍ഷം അഞ്ച് രൂപയായിരുന്നത് ഏഴര രൂപയായാണ് ഉയര്‍ന്നത്.8.1 ആറിനു മുകളില്‍ വിസ്‌തീര്‍ണമുള്ള ഭൂമിക്ക് 8 രൂപയായിരുന്നത് 12 രൂപയായും ഉയര്‍ന്നു. മുന്‍സിപ്പല്‍ പ്രദേശത്ത് 2.43 ആര്‍ വരെ ആര്‍ ഒന്നിന് 10 രൂപയായിരുന്നു പ്രതി വര്‍ഷ നികുതി. ഇത് ആര്‍ ഒന്നിന് 15 രൂപയാക്കി ഉയര്‍ത്തി. 2.43 ആറിനു മുകളില്‍ വിസ്‌തീര്‍ണമുള്ള ഭൂമിക്ക് 15 രൂപയായിരുന്നത് 22.50 രൂപയാക്കി. കോര്‍പ്പറേഷന്‍ പരിധിയില്‍ 1.62 ആര്‍ വരെ ആര്‍ ഒന്നിന് 20 രൂപയായിരുന്ന വാര്‍ഷിക നികുതി 30 രൂപയാക്കി. 1.62 ആറിനു മുകളിലുള്ള ഓരോ ആറിനും 30 രൂപയായിരുന്നത് 45 രൂപയുമാക്കി.

കോടതി ഫീസുകള്‍

കോടതി ഫീസുകള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്‌ജി ചെയര്‍മാനായ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അംഗീകരിച്ച് കോടതി ഫീസുകള്‍ പരിഷ്‌കരിക്കുമെന്ന പ്രഖ്യാപനം ബജറ്റിലുണ്ടായി. ഇതിലൂടെ 150 കോടി രൂപയുടെ അധിക വരമാനമാണ് പ്രതീക്ഷിക്കുന്നത്. ഈ ഫീസ് നിരക്ക് വര്‍ധന ഏതൊക്കെ തലത്തില്‍ സാധാരണക്കാരെ ബാധിക്കുമെന്നതില്‍ ഇനിയും വ്യക്തത ആയിട്ടില്ല.

വാഹന നികുതി

പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളുടെ തുടരുപയോഗം നിരുല്‍സാഹപ്പെടുത്താന്‍ 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനമാണ് വര്‍ധിപ്പിച്ചത്. നിലവില്‍ ഈയിനത്തില്‍ 110 കോടിയുടെ വരുമാനമാണ് സര്‍ക്കാരിന് ലഭിക്കുന്നതെങ്കില്‍ പുതിയ നികുതി വര്‍ധനവിലൂടെ 55 കോടിയുടെ അധിക വരുമാനം ലക്ഷ്യമിടുന്നു. ഇലക്‌ട്രിക്ക് വാഹനങ്ങള്‍ക്ക് വിലയുടെ അടിസ്ഥാനത്തില്‍ നികുതി പുന ക്രമീകരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. ഒറ്റത്തവണ നികുതി അടച്ചു വരുന്ന സ്വകാര്യ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നികുതി വര്‍ധനവിലൂടെ 30 കോടി രൂപ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കോണ്‍ട്രാക്റ്റ് കാര്യേജ് വാഹനങ്ങളുടെ നികുതി ഘടന ഏകീകരിക്കാനുള്ള തീരുമാനവും സമ്മിശ്ര പ്രതികരണത്തിനാണ് വഴി വെക്കുന്നത്. ഇത്തരം വാഹനങ്ങളുടെ നികുതി സീറ്റുകളുടെ എണ്ണത്തിനനുസരിച്ച് പുനക്രമീകരിക്കാനാണ് തീരുമാനം. ഓര്‍ഡിനറി സീറ്റ്, പുഷ്ബാക്ക് സീറ്റ്, സ്ലീപ്പര്‍, എന്നിവയ്ക്ക് ഇതേവരെ വ്യത്യസ്ത നിരക്കായിരുന്നു. 6 മുതല്‍ 12 വരെ സീറ്റുകളുള്ള വാഹനങ്ങള്‍ക്ക് സീറ്റൊന്നിന് 350 രൂപയും 13 സീറ്റ് മുതല്‍ 20 സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് സീറ്റൊന്നിന് 600 രൂപയും 20 സീറ്റുകളില്‍ കൂടുതലുള്ളവയ്ക്ക് സീറ്റൊന്നിന് 900 രൂപയും ആണ് പുതുക്കിയ ത്രൈമാസ നികുതി.

ABOUT THE AUTHOR

...view details