ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ? പല തവണ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പരതി, പണം കൈയില്‍ വന്നിട്ട് ഓര്‍ഡര്‍ ചെയ്യാം എന്ന് കരുതി കാര്‍ട്ടില്‍ ഇട്ട് വച്ചിട്ടുണ്ടോ? എന്നാല്‍ ഈ ദിവസം, അതായത് ഇന്ന് നിങ്ങള്‍ക്കുള്ളതാണ്.
ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത എന്താണെന്നല്ലേ? ഇന്നാണ് ബ്ലാക്ക് ഫ്രൈ. കറുത്ത വെള്ളിയാഴ്‌ചയുടെ ചരിത്രം വഴിയെ പറയാം. പ്രധാനപ്പെട്ട കാര്യം ഇന്ന് പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും വിമാന കമ്പനികളും മാളുകളുമൊക്കെ വലിയ ഓഫറാണ് മുന്നോട്ടുവച്ചിരിക്കുന്നത് എന്നതാണ്. സമയം കളയാതെ പെട്ടെന്ന് കാര്‍ട്ടിലുള്ളതോ, വാങ്ങിക്കണമെന്ന് മനസില്‍ കരുതുന്നതോ ആയ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്.
സമയം അവസാനിക്കാറായി എന്ന് കരുതി വിഷമിക്കാന്‍ വരട്ടെ. ചിലര്‍ ബ്ലാക്ക് ഫ്രൈഡേ ഓഫര്‍ മാമാങ്കം ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ചില പ്ലാറ്റ്‌ഫോം നവംബര്‍ 21മുതല്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. അത് ഡിസംബര്‍ 2 വരെ നീളും. ഡിസ്‌കൗണ്ടുകളുടെ പെരുമഴയാണ് നിലവില്‍. ഇനിയും വൈകുന്നതെന്തിന്?
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബ്ലാക്ക് ഫ്രൈഡേ എന്താണെന്ന് അറിയണ്ടേ? അമേരിക്കന്‍ സംസ്‌കാരത്തിന്‍റെ ഭാഗമാണ് ഈ പറയുന്ന ബ്ലാക്ക് ഫ്രൈഡേ. കാലാന്തരത്തില്‍ അത് ഇന്ത്യയിലേക്ക് കയറിക്കൂടി എന്നുമാത്രം. അമേരിക്കയിലെ താങ്ക്‌സ് ഗിവിങ് ഡേ കഴിഞ്ഞ് വരുന്ന വെള്ളിയാഴ്‌ച, അതാണ് ബ്ലാക്ക് ഫ്രൈഡേ.
അപ്പോള്‍ എന്താണീ താങ്ക്‌സ് ഗിവിങ് ഡേ? അതായത് തങ്ങള്‍ക്കുണ്ടായ എല്ലാ നല്ലകാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുന്ന ദിവസം. നവംബറിലെ നാലാമത്തെ വ്യാഴാഴ്‌ചയാണ് അമേരിക്കക്കാര്‍ക്ക് താങ്‌സ് ഗിവിങ് ഡേ. നമ്മുടെ ഓണവുമായി ഈ താങ്‌സ് ഗിവിങ് ഡേയ്‌ക്ക് ചെറിയൊരു സാമ്യമുണ്ട്. ചരിത്രത്തില്‍ വിളവെടുപ്പ് ഉത്സവമായിട്ടാണ് താങ്‌സ് ഗിവിങ് ഡേ രേഖപ്പെടുത്തിയിരിക്കുന്നത്.
വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് ദിനം കൂടിയാണ് ബ്ലാക്ക് ഫ്രൈഡേ. ഫെസ്റ്റിവല്‍ സീസണ് മുന്നോടിയായി നിലവിലെ സ്റ്റോക്കുകള്‍ വിറ്റഴിക്കുന്നത് ഈ ദിനത്തിലാണ്. വ്യാപാര സംസ്‌കാരത്തില്‍ ബ്ലാക്ക് ഫ്രൈഡേ വളരെ പ്രധാനമാണ് എന്ന് ഇതിലൂടെ മനസിലാക്കാം.
ക്രിസ്‌മസ് വിപണി ലക്ഷ്യമിട്ട് ഉത്‌പന്നങ്ങള്‍ എത്തിക്കുന്നതിന് മുന്‍പ് നിലവിലെ സ്റ്റോക്ക് വിറ്റഴിക്കുന്ന ദിവസം പില്‍ക്കാലത്ത് ബ്ലാക്ക് ഫ്രൈഡേ ആയെന്ന് പറയപ്പെടുന്നു. ഷോപ്പിങ് സെന്‍ററുകള്‍ക്ക് മുന്‍പില്‍ ഉണ്ടാകുന്ന തിക്കും തിരക്കും ഗതാഗതകുരുക്കം കാരണം ഈ പേരു വന്നു എന്നും കരുതുന്നു.
എയര്‍ ഇന്ത്യയുടെ കിടിലന്‍ ഓഫര്‍ :ബ്ലാക്ക് ഫ്രൈഡേ ദിനത്തില്‍ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ആഭ്യന്തര സര്‍വീസില്‍ അടിസ്ഥാന നിരക്കില്‍ നിന്ന് 20 ശതമാനം വരെ കിഴിവാണ് എയര്‍ ഇന്ത്യ മുന്നോട്ടുവയ്‌ക്കുന്നത്. അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ദക്ഷിണേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്‌ട്ര സര്‍വീസില്‍ അടിസ്ഥാന നിരക്കില്‍ നിന്ന് 12 ശതമാനം കിഴിവുണ്ട്.
എന്നാല്‍ ഓഫര്‍ ലഭിക്കണമെങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക. ഓഫര്‍ സീറ്റുകള്‍ പരിമിതമാണ് എന്നതും ശ്രദ്ധിക്കേണ്ടത്.
Also Read:സ്റ്റോക്ക് വിറ്റഴിക്കൽ: ബ്ലാക്ക് ഫ്രൈഡേ സെയിലുമായി ഫ്ലിപ്‌കാർട്ടും ആമസോണും; ഓഫറുകൾ എന്തെല്ലാം? അവസാന തീയതി ?