ഗുജറാത്ത് : അന്താരാഷ്‌ട്ര മാര്‍ക്കറ്റിലേക്ക് പാല്‍ ഉത്പന്നങ്ങള്‍ കൂടുതല്‍ വ്യാപിപ്പിച്ച് ജനപ്രിയ ഇന്ത്യന്‍ ഡയറി ബ്രാൻഡായ 'അമുൽ'. ഇതാദ്യമായി അമേരിക്കയില്‍ തങ്ങളുടെ പാല്‍ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. “അമുൽ, പാൽ ഉത്പന്നങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ അവതരിപ്പിക്കുന്നു എന്ന് നിങ്ങളെ അറിയിക്കുന്നതിൽ സന്തോഷമുണ്ട്. യുഎസിലെ 108 വർഷം പഴക്കമുള്ള ക്ഷീര സഹകരണ സംഘമായ മിഷിഗൺ മിൽക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. മാർച്ച് 20 ന് ഡെട്രോയിറ്റിൽ നടന്ന അവരുടെ വാർഷിക യോഗത്തിലാണ് സഹകരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്" - അമുൽ കമ്പനി നടത്തുന്ന ഗുജറാത്ത് സഹകരണ മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്)മാനേജിംഗ് ഡയറക്‌ടർ ജയൻ മേത്ത പറഞ്ഞു.
ഇതാദ്യമായാണ് അമുൽ ഫ്രഷ് ഉത്പന്ന ശ്രേണി ഇന്ത്യക്ക് പുറത്ത് അവതരിപ്പിക്കുന്നതെന്നും ഇന്ത്യൻ, ഏഷ്യൻ പ്രവാസികളുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് പോലൊരു വിപണിയിൽ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മേത്ത പറഞ്ഞു. സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് പോലെ, ബ്രാൻഡിനെ വിപുലീകരിച്ച് ഏറ്റവും വലിയ ക്ഷീര കമ്പനിയായി മാറാന്‍ അമുൽ പരിശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
50ല്‍ അധികം രാജ്യങ്ങളിലേക്ക് അമുൽ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. കമ്പനിക്ക് കീഴിൽ 18,000 ക്ഷീര സഹകരണ സമിതികളാണ് ഉള്ളത്. 36,000 കർഷകരുടെ ശൃംഖലയില്‍ പ്രതിദിനം 3.5 കോടി ലിറ്റർ പാലാണ് ഇവിടെ പ്രോസസ് ചെയ്യുന്നത്. ആഗോള പാൽ ഉത്പാദനത്തിന്‍റെ 21 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഇന്ത്യയാണ്. 1950 കളിലും 1960 കളിലും ഇന്ത്യയുടെ ക്ഷീരമേഖലയുടെ സ്ഥിതി തികച്ചും വ്യത്യസ്‌തമായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇക്കാലയളവില്‍ ഇന്ത്യയില്‍ പാൽ ഉത്പാദനം കുറവായതിനാല്‍ ഇറക്കുമതിയെ ആണ് കൂടുതൽ ആശ്രയിച്ചിരുന്നത്.