ന്യൂഡൽഹി: ജി 20 ധനമന്ത്രിമാർ അടുത്ത മാസം മുതല്‍ അതിസമ്പന്നർക്ക് സ്വത്ത് നികുതി ഏർപ്പെടുത്താൻ ഒരുങ്ങവേ, ആഗോള പട്ടിണി നിര്‍മാര്‍ജനമെന്ന ആശയത്തെ ഈ രാജ്യങ്ങളിലെ ജനങ്ങള്‍ പിന്തുണയ്ക്കുന്നതായി സർവേ. ഇന്ത്യയിലെ 74 ശതമാനം പേരടക്കം ജി 20 രാജ്യങ്ങളിലെ 68 ശതമാനം ജനങ്ങളും പട്ടിണി നിര്‍മാര്‍ജനം, അസമത്വം, കാലാവസ്ഥ പ്രതിസന്ധി എന്നിവ പരിഹരിക്കുന്നതിന് പിന്തുണ അറിയിച്ചതായാണ് എർത്ത് 4 ഓൾ ഇനീഷ്യേറ്റീവും ഗ്ലോബൽ കോമൺസ് അലയൻസും നടത്തിയ സർവേ വെളിപ്പെടുത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിലെ 22,000 പൗരന്മാരെ ഉൾപ്പെടുത്തിയാണ് സര്‍വേ നടത്തിയത്. അതിസമ്പന്നർക്ക് ഒരു ലെവി എന്ന നിർദേശം വർഷങ്ങളായി വർധിച്ചുവരുന്ന വിഷയത്തിൽ അന്താരാഷ്ട്ര പിന്തുണയോടെ കുറഞ്ഞത് 2013 മുതൽ ചർച്ചയിലാണ്. സ്വത്ത് നികുതി സംബന്ധിച്ച് സമവായം ഉണ്ടാക്കാനായി ജൂലൈയിൽ ജി 20 ധനമന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് G20 യുടെ നിലവിലെ പ്രസിഡന്‍റായ ബ്രസീൽ.
അതിസമ്പന്നർക്ക് ആഗോള മിനിമം നികുതി എന്നത് എങ്ങനെ പ്രവർത്തിക്കുമെന്നും അത് എത്രത്തോളം പ്രാവർത്തികമാകുമെന്നും വിവരിക്കുന്ന റിപ്പോര്‍ട്ട് ഫ്രഞ്ച് സാമ്പത്തിക ശാസ്‌ത്രജ്ഞനും, നികുതി നീതി പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്‌ട്ര നികുതി നടപ്പാക്കുക എന്ന ബ്രസീലിന്‍റെ ജി 20 നിർദേശത്തെ പ്രധാനമായി സ്വാധീനിച്ച ഗബ്രിയേൽ സുക്‌മാൻ പുറത്തിറക്കും.
സുക്‌മാൻ പറയുന്നതനുസരിച്ച്, അതിസമ്പന്നർ സാധാരണക്കാരേക്കാൾ വളരെ കുറഞ്ഞ നികുതിയാണ് നൽകുന്നത്. എല്ലാ രാജ്യങ്ങളിലെയും ശതകോടീശ്വരന്മാർ അവരുടെ സമ്പത്തിന്‍റെ 2 ശതമാനമെങ്കിലും പ്രതിവർഷം നികുതിയായി അടയ്‌ക്കണമെന്ന നിര്‍ദേശം പുതിയ അന്താരാഷ്‌ട്ര നിലവാരം സ്ഥാപിക്കാൻ സഹായകമാകും.
കാലാവസ്ഥയിലും പ്രകൃതിയിലും വന്‍ മുന്നേറ്റമാണ് ഇന്ത്യക്കാർ ആഗ്രഹിക്കുന്നതെന്ന് എർത്ത് ഫോർ ഓൾ ഇനിഷ്യേറ്റീവ് സഹ-നേതാവ് ഓവൻ ഗഫ്‌നി പറയുന്നു.