നോയിഡ :ലഹരി പാര്‍ട്ടി സംഘടിപ്പിക്കുകയും പാമ്പിന്‍ വിഷം ഉപയോഗിക്കുകയും ചെയ്‌തെന്ന കേസില്‍ പ്രമുഖ യൂട്യൂബറും ബിഗ് ബോസ് വിജയിയുമായ എൽവിഷ് യാദവിനെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം നവംബറില്‍ രജിസ്റ്റർ ചെയ്‌ത കേസിലാണ് ഇന്ന്(17-03-2024) ഇയാളെ അറസ്റ്റ് ചെയ്‌തത്. കേസില്‍ മറ്റ് അഞ്ച് പേര്‍ പിടിയിലായിരുന്നെങ്കിലും ഇവരിപ്പോൾ ജാമ്യത്തിലാണ്.
മൃഗാവകാശ സംഘടനയായ പീപ്പിൾ ഫോർ ആനിമൽസിന്‍റെ (പിഎഫ്എ) പരാതിയിലാണ് പൊലീസ് കേസെടുത്തത്. വന്യജീവി സംരക്ഷണ നിയമം 1972 ലെ വിവിധ വകുപ്പുകള്‍, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സെക്‌ടര്‍ 49ൽ രജിസ്റ്റര്‍ ചെയ്‌ത കേസ് പിന്നീട് സെക്‌ടർ 20ലെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. കേസ് അന്വേഷിക്കുന്ന സെക്‌ടര്‍ 20 പൊലീസ് സ്റ്റേഷനിലെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തതെന്ന് നോയിഡ അഡീഷണൽ ഡിസിപി മനീഷ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് യാദവിനെ മുമ്പ് പൊലീസ് ചോദ്യം ചെയ്‌തിരുന്നു. അന്ന് തനിക്കെതിരെയുള്ള ആരോപണം യാദവ് നിഷേധിച്ചിരുന്നു. 2023 നവംബർ 3ന് ആണ് സെക്‌ടര്‍ 51ല്‍ നടന്ന ഒരു പാര്‍ട്ടിക്കിടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ച് മൂർഖൻ പാമ്പ് അടക്കം ഒമ്പത് പാമ്പുകളെ ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയിരുന്നു.
20 മില്ലി പാമ്പിന്‍വിഷവും പൊലീസ് ഇവിടെ നിന്ന് കണ്ടെത്തി. പാർട്ടി ഹാളിൽ യാദവ് ഉണ്ടായിരുന്നില്ലെന്നും പാമ്പിന്‍റെ വിഷം ലഹരി മരുന്നായി ഉപയോഗിച്ച കേസിൽ യാദവിന്‍റെ പങ്ക് അന്വേഷിച്ച് വരികയാണെന്നുമാണ് അന്ന് പൊലീസ് അറിയിച്ചത്. പിഎഫ്എ ചെയർപേഴ്‌സണും ബിജെപി നേതാവുമായ മനേക ഗാന്ധി യാദവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. നവംബർ 4ന് രാജസ്ഥാനിലെ കോട്ടയിൽ സുഹൃത്തുക്കളോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെ യാദവിനെ തടഞ്ഞ്, പൊലീസ് ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ പിന്നീട് ഇയാളെ വിട്ടയക്കുകയായിരുന്നു.
Also Read :ഗുജറാത്ത് തീരത്ത് മയക്കുമരുന്ന് വേട്ട: 480 കോടിയുടെ മയക്കുമരുന്നുമായി ആറ് പാക് സ്വദേശികൾ പിടിയിൽ