ഉത്തർപ്രദേശ്: ലോഹ വസ്‌തുക്കള്‍ നീക്കം ചെയ്യാനുളള ശസ്‌ത്രക്രിയയെ തുടര്‍ന്ന് ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു. വാച്ചിന്‍റെ ഭാഗങ്ങൾ, ബ്ലേഡ് കഷണങ്ങൾ, നഖങ്ങൾ എന്നിവയുൾപ്പെടെ നീക്കം ചെയ്‌ത ശസ്ത്രക്രിയക്ക് ശേഷമാണ് മരണം. രത്‌ന ഗർഭ കോളനിയിലെ സഞ്ചേത് ശർമ്മയുടെ മകൻ ആദിത്യ ശർമ്മയാണ് മരിച്ചത്.
തുടർച്ചയായി വയറുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട ആദിത്യ ശർമ്മയെ അൾട്രാസൗണ്ട് പരിശോധനയ്‌ക്ക് ഹാജരാക്കുകയായിരുന്നു. ഹത്രാസിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ വിദ്യാര്‍ഥിയുടെ വയറ്റിൽ നിന്ന് 19 ലോഹ വസ്‌തുക്കൾ കണ്ടെത്തി. പിന്നീട് നോയിഡയിലെ ആശുപത്രിയിലും ഡൽഹിയിലെ സഫ്‌ദർജംഗ് ആശുപത്രിയിലും നടത്തിയ പരിശോധനയിൽ 56 ലോഹ വസ്‌തുക്കളുടെ സാന്നിധ്യം കണ്ടെത്തി.
തുടര്‍ന്ന് ഒക്‌ടോബർ 27ന് ഈ വസ്‌തുക്കൾ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍ പിറ്റേന്ന് രാത്രി ആദിത്യ മരണത്തിന് കീഴടങ്ങുകയായിരുന്നു. ശസ്ത്രക്രിയക്കു ശേഷമുള്ള സ്‌കാനിങ്ങിൽ ആദിത്യയുടെ വയറ്റിൽ മൂന്ന് ലോഹ വസ്‌തുക്കള്‍ കൂടി കണ്ടെത്തിയിരുന്നു. മുന്‍പ് നടത്തിയ സിടി സ്‌കാനുകളും എൻഡോസ്കോപ്പികളും ഈ വസ്‌തുക്കളെ കണ്ടെത്താതിരുന്നത് എങ്ങനെയെന്ന് വ്യക്തമല്ല.