ഭോപ്പാല്‍: വീടിന് തീപിടിച്ച് യുവദമ്പതികള്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഭോപ്പാലില്‍ ജാട്ട്ഖേദി മേഖലയിലാണ് സംഭവം. സതീഷ് ബിരാദ്(26), ഭാര്യ അമരപാലി എന്നിവരാണ് മരിച്ചത്.
വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍ക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൂന്ന് വര്‍ഷം മുമ്പാണ് സതീഷും അമരപാലിയും വിവാഹിതരായത്. ഇവര്‍ക്ക് കുട്ടികളില്ല. വിവാഹ ശേഷമാണ് ഇവര്‍ ജാട്ട്ഖേദിയിലെത്തിയത്. തീപിടിത്തത്തിന്‍റെ കാരണങ്ങളെക്കുറിച്ച് പൊലീസും വിദഗ്‌ധരും അന്വേഷണം ആരംഭിച്ചു.
അപകട-ആത്മഹത്യാ സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌തു. റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല. ദുരന്തം പ്രദേശത്തെയാകെ ദുഃഖത്തിലാഴ്‌ത്തി. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് വരികയാണെന്നും അന്വേഷണ സംഘം വ്യക്കമാക്കി.
അതേമസയം സമാനമായ ഒരു തീപിടിത്തം കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. ഒരു ആംബുലന്‍സ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ ഗര്‍ഭിണിയുടെയും കുഞ്ഞിന്‍റെയും ജീവന്‍ രക്ഷിക്കാനായി. സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വാഹനത്തിന് തീപിടിക്കുകയായിരുന്നു. ബുധനാഴ്‌ച രാത്രി 9.45ന് ദാദാവാജി മേഖലയിലെ മേല്‍പ്പാലത്തിന് സമീപമായിരുന്നു അപകടം.
ഇരാന്‍ഡോളില്‍ നിന്ന് ജല്‍ഗാവിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് ജല്‍ഗാവ് ധുലെ ദേശീപാതയില്‍ വച്ച് അപകടത്തില്‍ പെട്ടത്. രാഹുല്‍ ബവിസ്‌കര്‍ എന്ന ഡ്രൈവറാണ് 25കാരിയായ മനീഷ രവീന്ദ്ര സോനവാനെ എന്ന ഗര്‍ഭിണിയുടെയും കുഞ്ഞിന്‍റെയും ജീവന്‍ രക്ഷിച്ചത്.
എന്‍ജിനില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ ആംബുലന്‍സ് നിര്‍ത്തുകയും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുകയും ഗര്‍ഭിണിയെയും അവരുടെ കുടുംബാംഗങ്ങളെയും ഡോ.റഫീഖ് അന്‍സാരിയെയും പുറത്തെത്തിക്കുകയും ചെയ്‌തു. വാഹനത്തിലുണ്ടായിരുന്ന ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് തീപടര്‍ന്നത്.
Also Read:ബേപ്പൂരില്‍ ബോട്ടിന് തീപിടിച്ചു; 3 തവണ സ്‌ഫോടനം, രണ്ട് പേര്‍ക്ക് പരിക്ക്