ചെന്നൈ: ചിദംബരത്തിന്‍റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തി തമിഴ്‌നാട്ടിലടക്കം വിജയക്കുതിപ്പ് തുടരുന്ന മലയാള സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്‌സ്'. ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതൽക്ക് തന്നെ മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. കമൽഹാസൻ, ധനുഷ്, വിക്രം തുടങ്ങി നിരവധി പ്രമുഖരാണ് ചിത്രത്തെ വാനോളം പുകഴ്ത്തി രംഗത്തുവന്നത്. അതിനിടെ ചിത്രത്തിനെതിരെയും മലയാളികൾക്കെതിരെയും കടുത്ത വിമർശനം ഉന്നയിക്കുകയാണ് പ്രശസ്‌ത തമിഴ് എഴുത്തുകാരൻ ബി ജയമോഹൻ.
ചിത്രം തന്നെ അലോരസപ്പെടുത്തിയെന്ന് ജയമോഹൻ തൻ്റെ ബ്ലോഗിൽ കുറിച്ചു. ഇതൊരു ഫിക്ഷൻ അല്ലെന്നും യാഥാർഥ്യമാണെന്നുമാണ് അതിന് കാരണമായി ജയമോഹൻ ചൂണ്ടിക്കാട്ടുന്നത്. സിനിമ മദ്യപാനത്തെയും ലഹരി ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കും വിധമുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. വിനോദസഞ്ചാരികളായി ഗുണ കേവിൽ അടക്കമെത്തുന്ന മലയാളികൾ മദ്യപിച്ചശേഷം വലിച്ചെറിയുന്ന കുപ്പിച്ചില്ലുകൾ ആനകൾ അടക്കമുള്ള വന്യജീവികൾക്ക് ഭീഷണിയാണെന്നും ജയമോഹൻ ബ്ലോഗിലൂടെ വിമർശിച്ചു.
"ഞാൻ സമകാലിക സിനിമയെ വിമർശിക്കുന്നില്ല, അതിൽ അഭിപ്രായം പറയുന്നില്ല. കാരണം ഞാനും അതിൻ്റെ ഭാഗമായി അതിൽ ഉണ്ട്. ഇത് കലയല്ല, ബിസിനസ്സ് മാത്രമാണ്. നൂറ് ശതമാനം ബിസിനസ്. അതിനാൽ ഒരു ബിസിനസുകാരന് മറ്റൊരാളുടെ ബിസിനസ് നശിപ്പിക്കാൻ കഴിയില്ല, ഇത് ഒരു പൊതു തത്വമാണ്. പക്ഷേ, ഇതെഴുതേണ്ടത് 'എലിഫൻ്റ് ഡോക്‌ടർ' എന്ന കൃതിയുടെ എഴുത്തുകാരൻ എന്ന നിലയിലാണ്." ജയമോഹൻ എഴുതി.
മഞ്ഞുമ്മൽ ബോയ്‌സ് തന്നെ സംബന്ധിച്ച് അലോസരപ്പെടുത്തുന്ന ചിത്രമായിരുന്നു. കാരണം അത് കാണിക്കുന്നത് കെട്ടുകഥയല്ല. ദക്ഷിണേന്ത്യയിലുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്ന കേരളത്തിലെ വിനോദ സഞ്ചാരികൾ ഇതേ മനസ്ഥിതിയാണ് പങ്കിടുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാത്രമല്ല, കാടുകളിലും അവർ എത്താറുണ്ട്. മദ്യപിച്ചാൽ ഛർദ്ദി, വീഴൽ, അതിക്രമിച്ചു കടക്കൽ എന്നിവയല്ലാതെ മറ്റൊന്നിലും താൽപ്പര്യമില്ലെന്നും ജയമോഹൻ തുറന്നടിക്കുന്നു.
Also Read: 'ജസ്റ്റ് വൗ' ; മഞ്ഞുമ്മൽ ബോയ്‌സ് മിസ്സാക്കല്ലേയെന്ന് ഉദയനിധി സ്റ്റാലിന്‍
"ഊട്ടി, കൊടൈക്കനാൽ, കുറ്റാലം പ്രദേശങ്ങളിൽ ചുരുങ്ങിയത് പത്തു തവണയെങ്കിലും ഈ മലയാളം കുടിയന്മാർ റോഡിൽ അഴിഞ്ഞാടുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവരുടെ വണ്ടിയുടെ ഇരുവശവും ഛർദ്ദി കൊണ്ട് മൂടിയിരിക്കുന്നു. ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ കുടിച്ച ശേഷം കുപ്പി വലിച്ചെറിഞ്ഞ് പൊട്ടിക്കും. സംശയമുണ്ടെങ്കിൽ ചെങ്കോട്ട – കുറ്റാലം റോഡോ കൂടല്ലൂർ–ഊട്ടി റോഡോ പരിശോധിക്കുക. വഴിനീളെ പൊട്ടിയതും പൊട്ടാത്തതുമായ കുപ്പികൾ കാണാം. അത് അവർ അഭിമാനത്തോടെ സിനിമയിൽ കാണിക്കുകയും ചെയ്യുന്നു. അവരുമായി ഞങ്ങൾ പലതവണ സംഘർഷത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഒരിക്കൽ വാഗമൺ പുൽമേട്ടിൽ ഞങ്ങളോടൊപ്പം വന്ന മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനായ സെന്തിൽകുമാർ അവർ എറിഞ്ഞ കുപ്പികൾ പെറുക്കി നീക്കിയിരുന്നു."ജയമോഹൻ വ്യക്തമാക്കി.
തമിഴ്‌നാട്ടിലെയും കർണാടകയിലെയും ഇത്തരം സംഘങ്ങളെ കുറിച്ച് ഈ സിനിമ ഉപയോഗിച്ച് ബോധവൽക്കരണം നടത്തിയാൽ നന്നായിരിക്കും. പൊലീസ് അവരെ കുറ്റവാളികളായി കാണണം. ഒരിക്കലും ഒരു തരത്തിലും പിന്തുണയ്ക്കരുത്. ചിലപ്പോൾ അവർ എവിടെയെങ്കിലും കുടുങ്ങി മരിക്കുന്നത് നല്ലതാണ്. നമ്മുടെ വനങ്ങൾ സംരക്ഷിക്കപ്പെടും. ഇത് അവർക്ക് പ്രകൃതി നൽകിയ സ്വാഭാവിക ശിക്ഷയാണെന്നും ജയമോഹൻ ആഞ്ഞടിച്ചു.
ജയമോഹന്‍റെ ബ്ലോഗ് പോസ്‌റ്റിലെ മറ്റ് പരാമർശങ്ങൾ ഇങ്ങനെ:ഓരോ വർഷവും കുറഞ്ഞത് ഇരുപത് ആനകളെങ്കിലും ഈ കുപ്പിച്ചില്ലുകൾ മൂലം കാല് വൃണപ്പെട്ട് ചരിയുന്നുണ്ട്. അതിനെ അപലപിച്ച് ഞാൻ എഴുതിയ 'എലിഫൻ്റ് ഡോക്‌ടർ' മലയാളത്തിലും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞു. എന്നാൽ ഈ സിനിമയുടെ സംവിധായകൻ ഇത് വായിച്ചിരിക്കാൻ സാധ്യതയില്ല.
ഈ സിനിമയിൽ തമിഴ്‌നാട് പൊലീസ് അവരോട് പെരുമാറുന്ന രീതിയും യഥാർത്ഥമാണ്. അടിയല്ലാതെ അവർക്ക് ഒന്നും മനസ്സിലാകുന്നില്ല. കേരളത്തിൽ കല്യാണത്തിന് പോകുന്നത് ഒരു പരീക്ഷണമായി മാറിയിരിക്കുന്നു. ഏത് കല്യാണത്തിനും ഈ മദ്യപസംഘങ്ങൾ ബഹളമുണ്ടാക്കുന്നു. പന്തലിൽ തന്നെ ഛർദ്ദിക്കുന്നവരും കുറവല്ല. വിവാഹ ചടങ്ങിൽ വരൻ തന്നെ ഛർദ്ദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
Also Read: ജീവിതം തൊട്ട സിനിമ; മഞ്ഞുമ്മൽ ബോയ്‌സ് കണ്ണുനനയിച്ചുവെന്ന് ഷാജി കൈലാസ്
മദ്യപിച്ചും കലഹിച്ചും കലാപമുണ്ടാക്കിയും ഛർദ്ദിച്ചും സാധാരണക്കാരനെ അസ്ഥിരപ്പെടുത്തിയും കേരള സിനിമ എന്നും സന്തോഷത്തോടെയാണ് കാണിക്കുന്നത്. മദ്യപിക്കാതെ സന്തോഷത്തോടെ സംസാരിക്കുന്ന നാലുപേരെ മലയാള സിനിമയിൽ കണ്ടിട്ടുണ്ടോ? സിനിമയിലൂടെ ഇതിനെല്ലാം സാമൂഹിക സ്വീകാര്യത പതിയെ സൃഷ്‌ടിക്കപ്പെടുകയാണ്. ഒരു തമിഴ് നായകൻ സാധാരണക്കാരനെ രക്ഷിക്കുന്ന നായകനാണ് ഇന്നത്തെ മലയാള സിനിമയുടെ നായകൻ ആരാണ്?