ബെംഗളൂരു :കർണാടകയിലെ ബെലഗാവി ജില്ലയിൽ സ്‌ത്രീയെ നഗ്നയാക്കി മർദിച്ചു (Woman stripped and assaulted in Belagavi). കഗവാഡ താലൂക്കിലെ ഗ്രാമത്തിൽ ഏഴ് മാസങ്ങൾക്ക് മുമ്പാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സംഭവത്തിന്‍റെ വീഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയായിരുന്നു.
അക്രമിക്കപ്പെട്ട സ്‌ത്രീയുടെ മകളുടെ പരാതിയിൽ ബെലഗാവി പൊലീസ് അന്വേഷണം നടത്തി വരികയാണ്. ബെലഗാവി പൊലീസ് ഉദ്യോഗസ്ഥരും കഗവാഡ തഹസിൽദാർ സഞ്ജയ് ഇംഗാലിയും ചേർന്നാണ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയത്. ഭൂമിതർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. 2023 ജൂലൈയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.
സംഭവം ഇങ്ങനെ : ഇരയുടെ കുടുംബത്തിന് സർക്കാർ അനുവദിച്ചിരുന്ന മൂന്ന് ഏക്കർ ഭൂമിയിൽ അര ഏക്കർ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സംഭവം. ഇരയും മകനും ഭൂമികയ്യേറ്റം ചോദ്യം ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് ഇരുവർക്കും മർദനമേറ്റത്. പ്രതികൾ സ്‌ത്രീയെ നഗ്നയാക്കി മർദിക്കുകയും, സംഭവം പുറത്തു പറഞ്ഞാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയതായാണ് പരാതിക്കാരിയുടെ ആരോപണം.
തങ്ങളുടെ ഭൂമി അയൽക്കാർ കയ്യേറി പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചതായും ഇത് ചോദ്യം ചെയ്‌ത തന്‍റെ അമ്മയേയും സഹോദരനെയും മർദിച്ചതായും പരാതിക്കാരിയായ യുവതി പറഞ്ഞു. സ്ത്രീയെ വസ്ത്രം വലിച്ചു കീറി മർദിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.