ബദൗണ്‍ (യുപി) : വനിത ജഡ്‌ജിയുടെ മൃതദേഹം സംശയാസ്‌പദമായ സാഹചര്യത്തില്‍ അപ്പാര്‍ട്ട്‌മെന്‍റില്‍ കണ്ടെത്തി (woman judge found dead inside her apartment UP). ഉത്തര്‍പ്രദേശിലെ ബദൗണ്‍ ജില്ലയിലാണ് സംഭവം. ലഖ്‌നൗ സ്വദേശിയായ യുവതി സിവില്‍ ജഡ്‌ജ് ജൂനിയറായി സേവനമനുഷ്‌ഠിച്ച് വരികയായിരുന്നു.
ആത്‌മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷം ആരംഭിച്ചിട്ടുണ്ട്. മരണ വിവരം പുറത്തറിഞ്ഞതോടെ ബദൗണ്‍ പ്രാദേശിക ഭരണകൂടത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ശനിയാഴ്‌ച (ഫെബ്രുവരി 3) രാവിലെ രജിസ്‌ട്രി ഓഫിസിന് സമീപത്തെ ജഡ്‌ജി ക്വാട്ടേഴ്‌സിലെ അപ്പാര്‍ട്ട്‌മെന്‍റിലാണ് വനിത ജഡ്‌ജിയുടെ മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. വിവരം അറിഞ്ഞ് നിരവധി അഭിഭാഷകരും സംഭവ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
മരിച്ച ജഡ്‌ജി അവിവാഹിതയാണെന്നും അപ്പാര്‍ട്ട്‌മെന്‍റില്‍ അവര്‍ തനിച്ചാണ് താമസിച്ചിരുന്നതെന്നുമാണ് ലഭിക്കുന്ന വിവരം. ജഡ്‌ജിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ബദൗണ്‍ പ്രദേശിക ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം പുറത്തുവന്നതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പൊലീസ് പറഞ്ഞു.
ലഖ്‌നൗവിലുള്ള ബന്ധുക്കളെ ജഡ്‌ജിയുടെ മരണ വിവരം അറിയിച്ചതായാണ് സൂചന. ജില്ല ബാര്‍ അസോസിയേഷന്‍ അനുശോചന യോഗം ചോര്‍ന്നു. ജഡ്‌ജിയുടെ മരണത്തെ തുടര്‍ന്ന് കോടതി വ്യവഹാരങ്ങള്‍ മാറ്റിവച്ചു.