മധ്യപ്രദേശ്:ദുര്‍മന്ത്രവാദിയെന്നാരോപിച്ച് സ്‌ത്രീയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വായില്‍ മനുഷ്യ വിസര്‍ജ്ജ്യം നിറച്ച് ഗ്രാമത്തിലൂടെ നഗ്നയായി നടത്തിച്ചതായി പരാതി. മധ്യപ്രദേശിലെ ശിവ്പുരിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സ്‌ത്രീയും ഭര്‍ത്താവും ശിവ്പുരിയിലെ എസ്‌പി ഓഫീസില്‍ പരാതി നല്‍കി.
ദുര്‍മന്ത്രവാദിനിയെന്ന് ആരോപണം; സ്‌ത്രീയെ മര്‍ദ്ദിച്ച ശേഷം വായില്‍ മനുഷ്യ വിസര്‍ജ്ജ്യം നിറച്ച് നഗ്നയായി നടത്തിച്ചു
വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്‌ത്രീയെ അയല്‍പകത്തുള്ള കുടുംബം തടഞ്ഞുവെച്ച് ദുര്‍മന്ത്രവാദിനിയാണെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. സ്‌ത്രീയുടെ പരാതിയില്‍ പോലീസ് നടപടിയെടുത്തില്ലെന്നും എസ്‌പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
Published : Feb 17, 2024, 5:26 PM IST
വെള്ളിയാഴ്‌ച രാവിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്‌ത്രീയെ അയല്‍പക്കത്തുള്ള കുടുംബം തടഞ്ഞുവെച്ച് ദുര്‍മന്ത്രവാദിനിയാണെന്ന് ആരോപിച്ചു. ആരോപണം നിഷേധിച്ച സ്‌ത്രീയെ ഇവര്‍ ചവിട്ടുകയും മുഖത്ത് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌തതായി പരാതിയില്‍ പറയുന്നു. സ്‌ത്രീയുടെ വസ്‌ത്രങ്ങള്‍ വലിച്ചുകീറിയതായും ചെരിപ്പുപയോഗിച്ച് മര്‍ദ്ദിച്ചതായും പരാതിയിലുണ്ട്. ഇവരുടെ വായില്‍ മനുഷ്യ വിസര്‍ജ്ജ്യം നിറച്ച് ഗ്രാമത്തിലൂടെ നടത്തിച്ചുവെന്നും ശിവ്പുരി എസ്‌പി രഘുവംശ് സിങ് ബടോരിയ പറഞ്ഞു.
ഗ്രാമവാസികള്‍ ഈ ക്രൂര കൃത്യത്തിന് സാക്ഷികളാണെന്നും പരാതിയില്‍ പറയുന്നു. അമോല പോലീസില്‍ പരാതി നല്‍കിയെങ്കിലും റിപ്പോര്‍ട്ട് എഴുതിയതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും സ്‌ത്രീ പരാതിയില്‍ ആരോപിക്കുന്നു.തുടര്‍ന്നാണ് അതിക്രമിച്ചവര്‍ക്കെതിരെയും നടപടി കൈക്കൊള്ളാതിരുന്ന പോലീസിനെതിരെയും നടപടി ആവശ്യപ്പെട്ട് സ്‌ത്രീയും ഭര്‍ത്താവും ചേര്‍ന്ന് എസ്‌പിയെ സമീപിച്ചത്. പരാതിയിന്മേല്‍ അടിയന്തര അന്വേഷണത്തിന് എസ്‌പി ഉത്തരവിട്ടിട്ടുണ്ട്.