ന്യൂഡൽഹി: യമുന നദിയിലെ 'വിഷം കലക്കൽ' വിവാദത്തിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി. ജനങ്ങൾക്ക് ദോഷം വരുന്നതൊന്നും ഹരിയാന സർക്കാർ ചെയ്യില്ലെന്ന് സൈനി പറഞ്ഞു. ഡൽഹിയിലെ പല്ല ഗ്രാമത്തിൽ യമുന നദിയിലെ ജലം കുടിച്ച ശേഷം ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെജ്രിവാളിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് നയാബ് സിങ് സൈനി പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളുടെ മനസിൽ ഭയം സൃഷ്ടിക്കുന്നതിനാണ് അദ്ദേഹം ഈ പരാമർശം നടത്തിയതെന്നും നയാബ് സിങ് സൈനി കുറ്റപ്പെടുത്തി.
"ഇന്ന് ഞാൻ ഇവിടെ യമുനാ നദിയുടെ തീരത്ത് വന്ന് യമുനയിൽ നിന്ന് വെള്ളം കുടിച്ചു. ഹരിയാനയിലെ ബിജെപി സർക്കാർ യമുന നദിയിൽ വിഷം കലർത്തിയെന്ന് കെജ്രിവാൾ ആരോപിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആ വാദം തെറ്റാണ്. കള്ളങ്ങൾ മാത്രം പറയുന്ന വ്യക്തിയാണ് കെജ്രിവാൾ," -നയാബ് സിങ് സൈനി കൂട്ടിച്ചേർത്തു.
ഡൽഹിയിലേക്ക് വിതരണം ചെയ്യുന്ന യമുന നദിയിലെ വെള്ളത്തിൽ ഹരിയാന സർക്കാർ വിഷം കലർത്തിയെന്ന് ആരോപിച്ച് കെജ്രിവാൾ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണ് വിവാദത്തിന് കാരണമായത്. ഈ വിഷം കലർത്തിയ വെള്ളം ഡൽഹിയിലെ കുടിവെള്ളത്തിൽ കലർന്നിരുന്നെങ്കിൽ, നിരവധി ആളുകൾ മരിക്കുമായിരുന്നു. അത് കൂട്ട വംശഹത്യയ്ക്ക് കാരണമാകുമായിരുന്നു എന്ന് കെജ്രിവാൾ പറഞ്ഞു. ഫെബ്രുവരി 5 ന് നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് റാലിയിലാണ് കെജ്രിവാൾ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചത്. ഇതിനുപിന്നാലെ കെജ്രിവാളിനെതിരെ ബിജെപി നേതാക്കൾ രംഗത്ത് വന്നിരുന്നു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കെജ്രിവാളിന്റെ ആരോപണത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. അരവിന്ദ് കെജ്രിവാളിന്റെ ഇത്തരം ആരോപണങ്ങള്‍ രാജ്യത്തിന് തന്നെ അപമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയുടെ ഒരു മുന്‍ മുഖ്യമന്ത്രി ഹരിയാന ജനതയ്ക്കെതിരെ തരംതാഴ്ന്ന ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.
'തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയത്താല്‍ എഎപി പരിഭ്രാന്തിയിലാണ്. ഡല്‍ഹിയിലെ ആളുകളില്‍ നിന്നും വ്യത്യസ്തരാണോ ഹരിയാനയിലെ ജനങ്ങള്‍. ഹരിയാനയിലെ ആളുകളുടെ ബന്ധുക്കള്‍ ഡല്‍ഹിയില്‍ താമസിക്കുന്നില്ലേ. തങ്ങളുടെ സ്വന്തം ആളുകള്‍ കുടിക്കുന്ന വെള്ളത്തില്‍ ഹരിയാനയിലെ ആളുകള്‍ വിഷം കലക്കാന്‍ ശ്രമിക്കുമോ,' എന്ന് പ്രധാനമന്ത്രി ചോദിച്ചു.
ഫെബ്രുവരി 5 നാണ് ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 8നാണ് വോട്ടെണ്ണൽ. ഡൽഹി നിയമസഭയിലെ 70 സീറ്റുകളിലേക്ക് 699 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 15 വർഷമായി ഡൽഹിയിൽ അധികാരം വഹിച്ചിരുന്ന കോൺഗ്രസ് പാർട്ടി കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടികൾ നേരിട്ടിരുന്നു. അതേസമയം 2015 ലും 2020 ലും ആം ആദ്മി പാർട്ടി വൻ വിജയങ്ങൾ നേടിയിരുന്നു.